ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ 9% ഇടിവ് രേഖപ്പെടുത്തുമെന്ന് എഡിബി

ന്യൂഡൽഹി : കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ
നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ 9 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്ന് ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക്. ജൂണിൽ നാല് ശതമാനം ഇടിവുണ്ടാകുമെന്ന് പ്രവചിച്ച എഡിബി ഇപ്പോൾ അത് തിരുത്തിയിരിക്കുകയാണ്.

‘നോമുര’ യും ഐസിആർഎ യും പ്രവചനങ്ങൾ തിരുത്തിയതിനു പിന്നാലെയാണ് എഡിബി യും പുതിയ കണക്കുമായി വന്നത്. എന്നിരുന്നാലും വ്യവസായ-വാണിജ്യ പ്രവർത്തനങ്ങളും ഗതാഗതവും എല്ലാം പൂർണസ്ഥിതിയിൽ പ്രവർത്തിക്കാൻ തുടങ്ങുന്നതോടെ മൊത്തം ആഭ്യന്തര ഉൽപാദനം എട്ട് ശതമാനം വളർച്ച കൈവരിക്കുമെന്ന് ബാങ്കിൻറെ ഏഷ്യൻ ഡെവലപ്മെൻറ് ഔട്ട്ലുക്ക് – 2020 റിപ്പോർട്ട് പറയുന്നു.

‘പകർച്ചവ്യാധി പടരാതിരിക്കാൻ ഇന്ത്യ കർശനമായ ലോക്ഡൗൺ നടപടികൾ ഏർപ്പെടുത്തി, ഇത് സാമ്പത്തിക പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു’ എഡിബി ചീഫ് എക്കണോമിസ്റ്റായ യാസുയുക്കി സവാഡ പറയുന്നു.

കോവിഡ് പിടിപെട്ടവരുടെ എണ്ണത്തിൽ അമേരിക്കയ്ക്ക് തൊട്ട് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യയുള്ളത്. സർക്കാരിൻ്റെ വരുമാനം കുറയുകയും ചെലവ് വർദ്ധിക്കുകയും ചെയ്യുന്നതിനാൽ 2020 സാമ്പത്തികവർഷം
ധനക്കമ്മി ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി ഈ സാമ്പത്തിക വർഷം ജിഡിപിയുടെ 0.3% ആയി ചുരുങ്ങും എന്നും തുടർന്നുള്ള സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 0.6 ശതമാനമായി വർദ്ധിക്കുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →