തൃശൂര്‍: കൊടുങ്ങല്ലൂര്‍ എംഇഎസ് അസ്മാബി കോളജ് മുന്‍ പ്രിന്‍സിപ്പലിനെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. മൂന്നുവര്‍ഷത്തിനുശേഷമാണ് പ്രതി പിടിയിലാകുന്നത്. എസ്എന്‍പുരം അഞ്ചങ്ങാടി സ്വദേശി പള്ളായി പീടികയില്‍ ചിപ്പു എന്ന് വിളിക്കുന്ന മുഹമ്മദ് ഷിഫാസിനെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
കോളജ് സമരത്തെ തുടര്‍ന്ന് പ്രതികളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ പുറത്താക്കിിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്. 2017 നവംബര്‍ രണ്ടിനാണ് അജിംസ് പി. മുഹമ്മദ് ആക്രമിക്കപ്പെട്ടത്. ബൈക്കുകളില്‍ എത്തിയ നാലംഗസംഘം കോളജ് ഗ്രൗണ്ടിന് സമീപമുള്ള ക്വാര്‍ട്ടേഴ്സില്‍ എത്തി ഇരുമ്പുവടികൊണ്ട് ആക്രമിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളില്‍ കയ്പമംഗലം സ്വദേശികളായ അര്‍ജുന്‍, ആബിദ് ഹുസൈന്‍, കോഴിക്കോട് സ്വദേശി സോജിന്‍ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഒന്നാം പ്രതി മുഹമ്മദ് ഷിഫാസ് വിദേശത്തേക്കു മുങ്ങി.
തുടര്‍ന്ന് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. രണ്ടാഴ്ച മുമ്പാണ് ഗള്‍ഫില്‍ നിന്നും ഇയാള്‍ തിരിച്ചെത്തിയത്. ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞശേഷം പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മതിലകം എസ്എച്ച്ഒ അനന്തകൃഷ്ണന്‍, എസ്‌ഐ കെഎസ്. സൂരജ്, പോലീസുകാരായ ഷിജു, വിപിന്‍, റഹീം, ഷിജോയ്, മനോജ് എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്.

