ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരിലെ 5,180 ചതുരശ്ര കിലോമീറ്റര്‍ ഭൂമി പാകിസ്ഥാന്‍ അനധികൃതമായി കൈയേറുകയും അത് പിന്നീട് ചൈനയ്ക്ക് നല്‍കിയെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ വ്യക്തമാക്കി. അതിര്‍ത്തി പ്രശ്‌നങ്ങളെ കുറിച്ച് ലോക്‌സഭയില്‍ വിശദമാക്കുകയായിരുന്നു അദ്ദേഹം. 38,000 ചതുരശ്ര കിലോമീറ്റര്‍ ചൈനയും കൈയേറിയിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ ഇപ്പോഴും രേഖപ്പെടുത്തിയിട്ടില്ല. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരുവര്‍ക്കും സ്വീകാര്യമായ നടപടിയുണ്ടായിട്ടില്ല. ചൈന അതിര്‍ത്തിയില്‍ ഇന്ത്യയോട് സഹകരിക്കുന്നില്ല. 1963ലെ കരാര്‍ അനുസരിച്ചുള്ളഅതിര്‍ത്തിയെ ചൈന അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ നമ്മുടെ സൈന്യം എന്തിനും തയ്യാറാണ്. യുദ്ധസാമഗ്രികള്‍ സജ്ജമാക്കിയിരിക്കുകയാണ് ചൈന. നാം തിരികെയും സജ്ജമായി കഴിഞ്ഞു. എന്നാല്‍ പ്രശ്ന പരിഹാരം ചര്‍ച്ചയിലൂടെ വേണമെന്നാണ് ഇന്ത്യയുടെ താല്‍പര്യമെന്നും മന്ത്രി പറഞ്ഞു. അതിര്‍ത്തിയില്‍ മുന്‍ ധാരണകള്‍ പ്രകാരമുളള തല്‍സ്ഥിതി തുടര്‍ന്ന് പോകണമെന്നാണ് ഇന്ത്യയുടെ താല്‍പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.