തനിക്കെതിരെ പ്രചരിക്കുന്നത് കല്ലു വച്ച നുണകളെന്ന് മന്ത്രി കെ.ടി.ജലീൽ

കോഴിക്കോട്: തനിക്കെതിരെ കല്ലുവച്ച നുണകളാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി കെ.ടി. ജലീൽ . ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന തലവാചകത്തോടെയാണ് മന്ത്രിയുടെ പോസ്റ്റ് . യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ നുണ പ്രചരിപ്പിക്കുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ തൽക്കാലം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
മന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം താഴെ;

”അങ്ങാടിയിൽ തോററതിന് അമ്മയോട്..
കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ.
ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിൻ്റ ആഘാതം അവർക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാർത്താ മാധ്യമങ്ങളും നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പകതീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.”

എൻഫോഴ്സ്മെൻ്റിൻ്റെ ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറാകാത്ത മന്ത്രിയുടെ നിലപാട് വിമർശന വിധേയമാകുന്നതിനിടെയാണ് മാധ്യമങ്ങൾക്കെതിരായ പരാമർശങ്ങളുമായി കെ ടി ജലീലിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →