ഉപതെരഞ്ഞെടുപ്പ് തീരുമാനം ഉടനെ എന്ന് കമ്മീഷന്‍

ന്യൂഡല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റുന്ന കാര്യത്തില്‍ തീരുമാനം ഉടനെയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ യോഗം വൈകാതെ ചേരും. കേരളത്തിന്റെ പുതിയ നിര്‍ദേശം അംഗീകാരമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിച്ചതാണോ എന്നതടക്കം പരിശോധിക്കുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റണമെന്ന ആവശ്യം ഉന്നയിച്ച കേരളത്തിന്റെ പുതിയ കത്ത് ഇന്നലെ വൈകിട്ട് വരെ കിട്ടിയിട്ടില്ല. ഇത് കിട്ടിയാലുടനെ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് കമ്മീഷനിലെ ഉന്നതവൃത്തങ്ങള്‍ പറയുന്നത്.

തമിഴ്‌നാട്, പശ്ചിമബംഗാള്‍ അടക്കമുള്ള ആറ് മാസത്തിനകം പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും സമാനമായ രീതിയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് മാറ്റണമെന്ന കേരളത്തില്‍ നിന്നല്ലാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരമൊരു നിര്‍ദേശം ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ കത്ത് ലഭിക്കുന്ന മുറയ്ക്ക് സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായം തേടും. ഉപതിരഞ്ഞെടുപ്പുകള്‍ നടത്തേണ്ട എന്നു തന്നെയാണ് അദ്ദേഹത്തിന്റേയും നിലപാട്. ഇക്കാര്യം അദ്ദേഹം കമ്മീഷനെ അറിയിക്കും. തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

Share
അഭിപ്രായം എഴുതാം