തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായതിനെ തുടർന്ന് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട എം.ശിവശങ്കരന്റെ പേരിലുള്ള നടപടി സർക്കാർ പുന:പരിശോധിക്കുന്നു. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെയും ചുമതലപ്പെടുത്തി. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യജിത്ത് രാജൻ, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് എന്നിവരാണ് സമിതിയിലുള്ളത്. പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഹരിത വി കുമാർ ആണ് 11-09-2020 ന് ഓർഡർ പുറപ്പെടുവിച്ചിരിക്കുന്നത്.
മുഖ്യമന്തിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും സംസ്ഥാന ഐ.ടി. സെക്രട്ടറിയുമായ ശിവശങ്കരനെ രണ്ട് മാസത്തേക്കായിരുന്നു അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ഈ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് നടപടി പുനഃപരിശോധിക്കാൻ ഉദ്യോഗസ്ഥ തല സമിതിയെ ചുമതലപ്പെടുത്തിയത്. ഐ എ എസ് ഉദ്യോഗസ്ഥനായ ശിവശങ്കരൻ്റെ കാര്യത്തിൽ ഇപ്പോൾ നടക്കുന്നത് ഔദ്യോഗികവും നിയമാനുസൃതവുമായ ഒരു നടപടി മാത്രമാണെന്നും ശിവശങ്കരനെ സർവീസിലേക്ക് തിരിച്ചെടുക്കാൻ സാധ്യതയില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

