ചൈന ബന്ദികളാക്കിയ 5 ചെറുപ്പക്കാരെ ഇന്ന് ഇന്ത്യക്ക് കൈമാറും

ഗുവാഹത്തി: ചൈനീസ് സൈന്യം ബന്ദികളാക്കിയ 5 ഇന്ത്യൻ യുവാക്കളെ ഇന്ന് മോചിപ്പിക്കും. കേന്ദ്ര കായിക സഹമന്ത്രി കിരൺ റിജ്ജുവാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചെറുപ്പക്കാരെ ഇന്ത്യയ്ക്ക് കൈമാറുന്ന കാര്യം ഇന്ത്യൻ സേനയോട് ചൈനീസ് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട് . ഇന്ന് പകൽ ഏതു സമയത്തു വേണമെങ്കിലും കൈമാറ്റം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സേനയ്ക്കു വേണ്ടി പോർട്ടർമാർ ആയി പ്രവർത്തിച്ചിരുന്ന യുവാക്കളെ ഈ മാസം രണ്ടാം തീയതിയാണ് അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമത്തിൽ നിന്ന് കാണാതാവുന്നത്.

ചൈനയുടെ ഭാഗമായ ടിബറ്റൻ സ്വയംഭരണ പ്രദേശത്തിനും അരുണാചൽപ്രദേശിനും ഇടയിലെ മക്മോഹൻ രേഖയുടെ ഇന്ത്യൻ ഭാഗത്തുള്ള ‘സെറ -7’ സെക്ടറിൽ നിന്നുമാണ് ഇവരെ കാണാതായത്. നായാട്ടിനിറങ്ങിയ യുവാക്കൾ വഴി തെറ്റി ചൈനീസ് ഭാഗത്ത് പ്രവേശിക്കുകയായിരുന്നു . ഇവരിൽ ഒരാളുടെ സഹോദരൻ സോഷ്യൽ മീഡിയ വഴി ആണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത് .

ചൈനീസ് സേനയാണ് തൻറെ സഹോദരനെ തട്ടിക്കൊണ്ടുപോയത് എന്നും ഇയാൾ പറഞ്ഞിരുന്നു. അരുണാചലിലെ ബിജെപി എംപിയും പ്രദേശത്തെ കോൺഗ്രസ് എംഎൽഎയും ഇക്കാര്യം ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തതോടെ പ്രശ്നം അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് എത്തി.

തുടർന്ന് ചെറുപ്പക്കാർ തങ്ങളുടെ പക്കലുണ്ടെന്നും അവർ സുഖമായിരിക്കുന്നു എന്നും ചൈന ഇന്ത്യൻ സേന അറിയിച്ചു. എന്നാൽ ചെറുപ്പക്കാരുടെ പൗരത്വം സംബന്ധിച്ച് ചൈന ഉന്നയിച്ച അവകാശ വാദങ്ങൾ പ്രശ്നം കൂടുതൽ വഷളാക്കി.

അരുണാചൽ തങ്ങളുടെ ഭൂപ്രദേശമാണ് എന്ന അവകാശവാദമാണ് സംഘർഷത്തിനിടയിൽ ചൈന ഒന്നുകൂടി ഊന്നിപ്പറയാൻ ശ്രമിച്ചത് . ഒടുവിൽ ഇന്ത്യൻ യുവാക്കളെ കൈമാറുമെന്ന് ചൈന പ്രഖ്യാപനതോടെ പ്രശ്നത്തിന് ശുഭകരമായ പര്യവസാനമാവുകയാണ്.

Share
അഭിപ്രായം എഴുതാം