എറണാകുളം: കോവിഡ് മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുടെ തോതനുസരിച്ച്, ഈ ഘട്ടത്തിൽ പതിനായിരത്തിലധികം ആകേണ്ടതായിരുന്നു മരണ സംഖ്യയെങ്കിലും അഞ്ഞൂറിൽ താഴെയായി അത് പിടിച്ചു നിർത്താൻ കഴിഞ്ഞു. രോഗബാധിതരായവർക്ക് ചികിൽസ നൽകുന്നതിലും കേരളം മുന്നിലാണെന്ന് മന്ത്രി പറഞ്ഞു. എറണാകുളം റീജിയണൽ പബ്ലിക്ക് ഹെൽത്ത് ലബോറട്ടറിയിലെ ആധുനിക കോവിഡ് പരിശോധനാ സംവിധാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അതിവേഗത്തിൽ കോവിഡ് പരിശോധനാ ഫലങ്ങൾ ലഭ്യമാകുന്നതോടെ എറണാകുളം റീജണൽ പബ്ലിക് ഹെൽത്ത് ലാബ് മാതൃകാ ലാബായി മാറുമെന്നും മന്ത്രി പറഞ്ഞു.
മാതൃകാപരമായ എഫ് എൽ ടി സി കളാണ് എറണാകുളത്ത് സജ്ജീകരിച്ചിരിക്കുന്നത്. പ്രായമുള്ളവർക്കും ഗുരുതര രോഗം ബാധിച്ചവർക്കും പ്രത്യേക കരുതൽ നൽകണം. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായുള്ള നിർദ്ദേശങ്ങൾ പാലിക്കണം. വയോജനങ്ങൾക്കായി നടപ്പിലാക്കുന്ന ഗ്രാന്റ് കെയർ പദ്ധതി ശക്തമാക്കണമെന്നും ജില്ലയിലെ കോളനികളിൽ കോവിഡ് പടരാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജോൺ ഫെർണാണ്ടസ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ മുതൽ മുടക്കിയാണ് അതിവേഗത്തിൽ പരിശോധനാ ഫലങ്ങൾ ലഭ്യമാകുന്ന ക്ലോസ്ഡ് പി സി ആർ സംവിധാനമായ സിബി നാറ്റ് മെഷീൻ സജ്ജമാക്കിയിരിക്കുന്നത്. ഒരു മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ കോവിഡ് പരിശോധനാ ഫലം കൃത്യതയോടെ അറിയാൻ ഇതിലൂടെ കഴിയും. കാലോചിതമായ ഇടപെടൽ നടത്തി ലാബിനു വേണ്ട സൗകര്യങ്ങൾ ഒരുക്കിയ ജോൺ ഫെർണാണ്ടസ് എംഎൽഎ യെ മന്ത്രി അനുമോദിച്ചു.
ചടങ്ങിൽ ജോൺ ഫെർണാണ്ടസ് എം എൽ എ അധ്യക്ഷത വഹിച്ചു. ടി ജെ വിനോദ് എം.എൽ.എ, ജില്ലാ കളക്ടർ എസ് സുഹാസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ കെ കുട്ടപ്പൻ, കൗൺസിലർ സുധാ ദിലീപ് കുമാർ, റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ് സീനിയർ മെഡിക്കൽ ഓഫീസർ ഷൈല സാം, പബ്ലിക് ഹെൽത്ത് ലാബ് ആൻഡ് ക്ലിനിക്കൽ ലാബ് ഡയറക്ടർ ഡോ. സുനീജ എസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലി, ആർദ്രം അസിസ്റ്റൻറ് നോഡൽ ഓഫീസറും പി സി ആർ ടെസ്റ്റിംഗ് നോഡൽ ഓഫീസറുമായ ഡോ. നിഖിലേഷ് മേനോൻ, ഡി. എൽ ടി ശ്രീകല, ജൂനിയർ കൺസൾട്ടന്റ് ഡോ. ബിന്ദു പി തുടങ്ങിയവർ പങ്കെടുത്തു.