കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനെതിരെ നിക്ഷേപകരുടെ കൂടുതല്‍ പരാതികള്‍. വ്യാഴാഴ്ച നാല് കേസുകൂടി രജിസ്റ്റര്‍ചെയ്തു. ഇതോടെ ഏഴ് പരാതികളില്‍ പൊലീസ് കേസടുത്തു. ചെറുവത്തൂരിലെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച മുട്ടം വെങ്ങരയിലെ നാലകത്ത് അബ്ദുള്‍റഹ്മാന്‍ ( 15 ലക്ഷം), കാടങ്കോട് സ്വദേശികളായ കെ എം മഹമൂദ്, കദീജ (പത്ത് ലക്ഷം ), കെ സി അബ്ദുള്‍റസാഖ് (10 ലക്ഷം) എന്നിവരാണ് ചന്തേര പൊലീസില്‍ പരാതി നല്‍കിയത്. നേരത്തെ കാടങ്കോട്ടെ അബ്ദുള്‍ഷുക്കൂര്‍ (30 ലക്ഷം,) എം ടി പി സുഹറ (15 പവനും ഒരു ലക്ഷവും), വലിയപറമ്പിലെ ഇ കെ ആരിഫ (മൂന്ന് ലക്ഷം) എന്നിവരും പരാതി നല്‍കിയിരുന്നു.
ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനായ എംഎല്‍എ, മുസ്ലിംലീഗ് നേതാവും ജ്വല്ലറി മാനേജിങ് ഡയറക്ടറുമായ ടി കെ പൂക്കോയതങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. എണ്ണൂറോളം നിക്ഷേപകരുള്ള ഫാഷന്‍ ഗോള്‍ഡിനു വേണ്ടി 150 കോടിയോളം രൂപ സമാഹരിച്ചതായാണ് പ്രാഥമിക നിഗമനം. ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് ബ്രാഞ്ചുകള്‍ ജനുവരിയില്‍ പൂട്ടി. ഇവയുടെ പേരിലുണ്ടായിരുന്ന സ്വത്തുകളും കൈമാറി.

