ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്ത് കിപ്റ്റിക് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. ക്രിപ്റ്റോകറന്‍സിയെ പ്രോത്സാഹിപ്പിക്കുന്ന വ്യാജ ട്വീറ്റുകള്‍ ഹാക്കിംങിനെ തുടര്‍ന്ന് പ്രത്യക്ഷപ്പെട്ടു. ഒരു മണിക്കൂറിനുള്ളില്‍ അക്കൗണ്ട് തിരിച്ചുപിടിക്കുകയും ഈ ട്വീറ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തു. മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുകയാണ്. ഞങ്ങള്‍ പേടിഎം ഹാക്ക് ചെയ്തിട്ടില്ല. ഇതായിരുന്നു ഹാക്കര്മാരുടേതായി പ്രത്യക്ഷപ്പെട്ട അവസാന ട്വീറ്റ്. അതിന് മുന്‍പേ ഓരോ മിനിറ്റിലും ബിറ്റ്കോയിനുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകളായിരുന്നു മോദിയുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്.
കൊവിഡ്-19നുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും ഉദാരമായി സംഭാവന ചെയ്യൂ. ഇന്ത്യ ക്രിപ്റ്റോ കറന്‍സി ആരംഭിക്കുകയാണ്. ദയവായി എല്ലാവരും ബിറ്റ്കോയിന് സംഭാവന ചെയ്യൂ തുടങ്ങിയ സന്ദേശങ്ങള്‍ ക്രിപ്റ്റോ കോഡുകളടങ്ങിയ വ്യാജ ട്വീറ്റില്‍ പറയുന്നു . നരേന്ദ്ര മോദിയുടെ സ്വകാര്യ വെബ്സൈറ്റുമായി ബന്ധപ്പെട്ട് നില്ക്കുന്ന ട്വിറ്റര്‍ അക്കൗണ്ട് ആണ് ഹാക്ക് ചെയ്തത്. മോദിയുടെ സ്വകാര്യ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് ട്വിറ്റര്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
അക്കൗണ്ടിന്റെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ട്വിറ്റര്‍ അറിയിച്ചു. ഞങ്ങള്‍ സംഭവത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരി ക്കുകയാണ്. ഇതല്ലാതെ മറ്റു അക്കൗണ്ടുകളൊന്നും ഹാക്ക് ചെയ്യപ്പെട്ടില്ലെന്നാണ് ഇതുവരെയുള്ള നിഗമനം എന്നു ട്വിറ്റര്‍ വക്താവ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെയും പ്രതികരണമറിയിച്ചിട്ടില്ല. ജൂലൈയില്‍ ബരാക് ഒബാമ, വാരന്‍ ബഫറ്റ്, ജെഫ് ബെസോസ്, ജോ ബൈഡന്, ബില്‍ ഗേറ്റ്സ്, എലോണ്‍ മസ്ക് തുടങ്ങി നിരവധി പേരുടെ അക്കൗണ്ടുകള്‍ സമാനമായ രീതിയില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഊബറിന്റെയും ആപ്പിളിന്റെയും അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

