പാലിയേക്കര ടോള്‍ വര്‍ധനവ് , മന്ത്രി രവീന്ദ്രനാഥ് ഇടപെടണം

പുതുക്കാട്: പാലിയേക്കര ടോളില്‍ ചരക്ക് വാഹനങ്ങള്‍ക്കും, ബസുകള്‍ക്കും ഒരു യാത്രയ്ക്ക് അഞ്ചുരൂപ വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ഇത് കരാര്‍ കമ്പനിയെ സഹായിക്കാനാണെന്നും ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്. ഭരണകക്ഷിയായ സിപിഐയുടെ യുവജന സംഘടന ഇതേ ആവശ്യത്തിനായി സമരം ചെയ്‌തെങ്കിലും ആത്മാര്‍ത്ഥ ഉണ്ടായിരുന്നെങ്കില്‍ സര്‍ക്കാരിനെ കൊണ്ട് നടപടിയെടുപ്പിക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കരാര്‍ പ്രകാരം ചെയ്തു തീര്‍ക്കേണ്ട പ്രവൃത്തികള്‍ ചെയ്തു തീര്‍ക്കാത്തതിന്റെ പേരിലും പണി പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കുന്നതിന് അനധികൃതമായി അനുമതി സമ്പാദിച്ചതിലും 102.44 കോടി രൂപയുടെ അഴിമതി ഉണ്ടെന്ന് കാണിച്ച് ടോള്‍ കമ്പനിയ്ക്ക് എതിരേ സിബിഐ കേസ് എടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ധന തടയണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും, സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി രവീന്ദ്രനാഥിനും കത്ത് അയച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തത് കരാര്‍ കമ്പനിയുടെ കൊള്ളയ്ക്ക് കൂട്ടു നില്‍ക്കുന്നതും ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്നതിന് തുല്യമാണ്. ജനകീയ പ്രശ്‌നമായ നിരക്ക് വര്‍ധനവ് നിര്‍ത്തിവെക്കാനാവശ്യമായ നടപടി മന്ത്രി ജി സുധാകരന്‍ സ്വീകരിക്കുന്നതിനായി മന്ത്രി രവീന്ദ്രനാഥ് ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →