ചാലക്കുടി: അടിസ്ഥാന വിഭാഗങ്ങളുടെ കലാരൂപമായ ഓണംകളി കലാകാരന്മാര്‍ കടുത്ത ആശങ്കയിലാണ്. ദേവകഥകളുമായി പാടിയും ചുവടുവെച്ചും,ജനങ്ങളുടെ കണ്ണിന് കുളിര്‍ പകര്‍ന്ന് ഈ കലാരൂപം മഹാപ്രളയത്തേയും കഴിഞ്ഞ വര്‍ത്തെ മഹാമാരിയേയും അതിജീവിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ഈ പ്രകടനത്തെ നെഞ്ചിലേറ്റുന്ന നൂറുകണക്കിന് കലാകാരന്മാര്‍ ഇതെല്ലാം ഓര്‍മ്മയിലൊതുങ്ങുമോ എന്ന ആശങ്കയിലാണ്.
ഒരിക്കലും എന്നോടീ ചതിചെയ്യരുതേ….ഞാന്‍ അറിഞ്ഞില്ലെന്‍റെ ദൈവമേ എന്ന പാട്ടിന്‍റെ പൊരുള്‍ അക്ഷരാര്‍ത്ഥത്തില്‍ അനുയോജ്യമാവുന്നത് ഓണം കളിക്കാര്‍ക്കുതന്നെയാണെന്ന് ഈ കലാകരന്മാര്‍ ഒരിക്കലും ഓര്‍ത്തുകാണില്ല. . ഓണാസ്വാദനകലയായി തൃശൂര്‍ജില്ലയിലെങ്ങും നിറഞ്ഞുനിന്ന ഓണംകളിയെ മഹാമാരി തടഞ്ഞുനിര്‍ത്തി.
സാമൂഹിക അകലം പാലിച്ചും, മാസ്‌ക്ക് ധരിച്ചും എങ്ങനെ ഓണംകളിക്കാനാവുമെന്ന് ചോദിക്കുന്നത് ഓണം കളിച്ചും കളിപ്പിച്ചും വിധികര്‍ത്താവായും നാലുപതിറ്റാണ്ടു കാലം ഈ രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന മണപ്പാട്ട് അയ്യപ്പനാണ്. മാസങ്ങള്‍ക്കുമുമ്പേ തുടങ്ങേണ്ടിയിരുന്ന പരിശീലനത്തെക്കുറിച്ച് ഈ വര്‍ഷം ആരും ചിന്തിച്ചുപോലുമില്ല.

