മോഷണക്കേസിലെ പ്രതി അറസ്റ്റിലായി

പെരിന്തല്‍മണ്ണ: എറണാകുളം, പാലക്കാട്‌ തുടങ്ങിയ ജില്ലകളിലായി നിരവധി മോഷണക്കേസുകളിലെ പ്രതിയെ പെരിന്തല്‍മണ്ണ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പെരുമ്പാവൂര്‍ മാറംപളളി സ്വദേശി മാടവന സിദ്ധിക്ക്‌(46)ആണ്‌ അറസ്റ്റിലായത്‌.

2020 ആഗസ്റ്റ്‌ 15 ന്‌ പെരിന്തല്‍മണ്ണ ബൈപ്പാസിലെ കോംപ്ലസ്‌ പാര്‍ക്കിംഗ്‌ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്‌തിരുന്ന കാറിന്‍റെ ചില്ലുതകര്‍ത്ത്‌ മോഷണം നടത്തിയ സംഭവത്തിലാണ്‌ അറസ്റ്റ്‌ നടന്നത്‌. 8000 രൂപയും ബാഗും എടിഎം കാര്‍ഡും മൊബൈല്‍ഫോണും ഇയാള്‍ കൈക്കലാക്കിയരുന്നു. 15 ന്‌ വൈകിട്ട്‌ അഞ്ചരമണിയോടെയായിരുന്നു സംഭവം.

പെരിന്തല്‍മണ്ണ പോലീസ്‌ ടൗണിലും പരിസരങ്ങളിലും ഉളള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും, അടുത്തനാളുകളില്‍ ജയിലില്‍ നിന്ന്‌ പുറത്തിറങ്ങിയ പ്രതികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ്‌ പ്രതിയെ പികൂടിയത്‌.

നാട്ടില്‍ നിന്നും ഒളിവില്‍ പോയിരുന്ന പ്രതി പട്ടാമ്പി കൊപ്പം ഭാഗങ്ങളിള്‍ വാടക വീടുകളില്‍ താമസിച്ചുവരികയായിരുന്നു. സമാനമായ കേസില്‍ ജയിലിലായിരുന്ന പ്രതി ഒരുവര്‍ഷം മുമ്പാണ്‌ ഒറ്റപ്പാലം സബ്‌ജയിലില്‍ നിന്ന്‌ പുറത്തിറങ്ങിയത്‌. പെരുമ്പാവൂര്‍, മുവാറ്റുപുഴ, ആലുവ, പട്ടാമ്പി, ഒറ്റപ്പാലം സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കഞ്ചാവ്‌ കേസും, മാല പൊട്ടിക്കല്‍ കേസും നിലവിലുണ്ട്‌. കാറില്‍ നിന്നും മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ പുഴക്കാട്ടിരിയിലെ ഇയാളുടെ വാടക വീട്ടില്‍ നിന്നും പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌.

ഇയാള്‍ മറ്റുകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന്‌ പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി പി. വിക്രമന്‍, ഇന്‍സ്‌പെക്ടര്‍ സി.കെ നാസര്‍, എന്നിവര്‍ അറിയിച്ചു. എസ്‌.ഐ.സികെ നൗഷാദ്‌ അഡീഷണല്‍ എസ്‌ഐ. രമ, പ്രത്യേക അന്വേഷണ സംഘത്തിലെ പിഎന്‍ മോഹനകൃഷ്‌ണന്‍, കൃഷ്‌ണകുമാര്‍, മനോജ്‌കുമാര്‍, സജീര്‍, മിഥുന്‍, പ്രഫുല്‍, കബീര്‍, വിനീത്‌, എഎസഐ അബ്ദുള്‍സലീം, ജോര്‍ജ്‌ കുര്യന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share
അഭിപ്രായം എഴുതാം