ലക്നൗ : ഉത്തർപ്രദേശിൽ പോലീസിനെ വിമർശിച്ച് ട്വിറ്റ് ചെയ്ത സ്വന്തം എംഎൽഎ ക്ക് കാരണം കാണിക്കൽ നോട്ടീസയച്ച് ബിജെപി. ഗൊരഖ്പൂർ എംഎൽഎ ആയ രാധാ മോഹൻ ദാസ് അഗർവാളിനാണ് വിശദീകരണമാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജെ പി എസ് റാഥോർ നോട്ടീസ് അയച്ചത്.
സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവി സിംഗിന്റെ നിർദേശപ്രകാരമാണ് നടപടി എന്നാണ് റിപ്പോർട്ട്. പൊലീസിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും ആഭ്യന്തരവകുപ്പിന്റെ ചാർജ്ജുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും സ്ഥാനത്തു നിന്നും നീക്കം ചെയ്യണം എന്നുമായിരുന്നു എംഎൽഎയുടെ ട്വീറ്റ് .
വിവാദമായ ഉടൻ ട്വീറ്റ് പിൻവലിച്ചു എങ്കിലും എംഎൽഎ യുടെ നിലപാട് പാർട്ടിക്കും സർക്കാരിനും നാണക്കേടുണ്ടാക്കി എന്നാണ് ബിജെപി യുടെ നിലപാട്.
ഗോരഖ്പൂർ മണ്ഡലത്തിലെ ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് തണുപ്പ് നിലപാട് സ്വീകരിച്ചതാണ്
എംഎൽഎ യെ ചൊടിപ്പിച്ചത് എന്നു പറയപ്പെടുന്നു. താൻ ഇടപെട്ട് ശേഷം മാത്രമാണ് പ്രസ്തുത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായത് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ബലാൽസംഗങ്ങളും കൊലപാതകങ്ങളും ഉത്തർപ്രദേശിൽ വ്യാപകമാകുന്നു എന്ന ആക്ഷേപങ്ങൾക്കിടയിലാണ് ബിജെപി എംഎൽഎ തന്നെ പോലീസിനെ വിമർശിച്ച് രംഗത്ത് വന്നത്

