ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആത്മഹത്യാ ഭീഷണി സന്ദേശമയച്ച് പോലീസിനെ വട്ടം കറക്കി ഡല്‍ഹി സ്വദേശിനി

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആത്മഹത്യാ ഭീഷണി സന്ദേശമയച്ച് അര്‍ദ്ധരാത്രിയില്‍ ഡല്‍ഹി പോലീസിനെ വട്ടം കറക്കി 43 കാരിയായ ഡല്‍ഹി സ്വദേശിനി.

സംഭവം ഇങ്ങനെയാണ്, ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് ഡല്‍ഹി സ്വദേശിനിയില്‍ നിന്നും ഒരു ഇ മെയില്‍ സന്ദേശം ലഭിച്ചു. ആരെങ്കിലും സഹായിക്കണം ഇല്ലെങ്കില്‍ താന്‍ രണ്ട് മണിക്കൂറിനുള്ളില്‍ ആത്മഹത്യ ചെയ്യും എന്നതായിരുന്നു സന്ദേശം.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര പ്രാധാന്യമുള്ള ഈ സന്ദേശം നിമിഷങ്ങള്‍ക്കകം ലണ്ടനിലെ ഇന്ത്യന്‍ എംബസിയിലേക്ക് അയച്ചു. പിന്നെ താമസമുണ്ടായില്ല, ഇന്ത്യന്‍ എംബസിയില്‍ നിന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലേക്കും അവിടെ നിന്നും ഡല്‍ഹി പോലീസ് ആസ്ഥാനത്തേക്കും ഒടുവില്‍ സ്ത്രീയുടെ മേല്‍വിലാസമനുസരിച്ച് ഡല്‍ഹി രോഹിണി പോലീസ് സ്റ്റേഷനിലേക്കും ആ സന്ദേശം എത്തി.

ഇ മെയില്‍ സന്ദേശത്തോടൊപ്പം അയച്ച സ്ത്രീയുടെ ഫോണ്‍ നമ്പറും മേല്‍വിലാസവും ഉണ്ടായിരുന്നു എങ്കിലും മേല്‍വിലാസത്തിലെ അവ്യക്തത പോലീസിനെ കുഴക്കി.

അര്‍ദ്ധരാത്രിയില്‍ തന്നെ നാല്പതോളം വീടുകളില്‍ പോലീസുകാര്‍ കയറിയിറങ്ങി. ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു എങ്കിലും ആരും പ്രതികരിച്ചില്ല. ഒടുവില്‍ അടച്ചിട്ട ഒരു ഗേറ്റിനു മുന്നില്‍ പൊലീസ് എത്തി. ഉള്ളില്‍ നിന്നും ഒരു സ്ത്രീയുടെ ‘ഒന്നു പോകൂ’ എന്ന ‘അഭ്യര്‍ത്ഥന ‘ വന്നതോടെ വീട് അതാണെന്ന് പോലീസ് ഉറപ്പിച്ചു.

ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ഗേറ്റും പ്രധാന വാതിലും തകര്‍ത്ത് പോലീസ് വീടിനുള്ളില്‍ പ്രവേശിച്ചു. അകത്തെത്തിയപ്പോള്‍ അവര്‍ കണ്ടത് നടുമുറിയില്‍ നില്‍ക്കുന്ന 43കാരിയായ ഒരു സ്ത്രീയെ ആയിരുന്നു. വീട് നിറയെ പൂച്ചകളുടെ കാഷ്ടത്തിന്റെ ഗന്ധവും നിറഞ്ഞുനിന്നിരുന്നു.

പോലീസിനെ കണ്ടയുടന്‍ സ്ത്രീ ക്ഷമാപണം നടത്തി. മാനസിക അസ്വാസ്ഥ്യം ഉള്ളയാളാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് രണ്ട് മനോരോഗ വിദഗ്ദ്ധരെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് വീട് ശുചിയാക്കി അവര്‍ക്ക് ആവശ്യമായ പരിചരണവും പൊലീസ് തന്നെ നല്‍കി. പത്തുവര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. 16 പൂച്ചകളായിരുന്നു കൂട്ടായി വീട്ടിലുണ്ടായിരുന്നത്.

തനിക്കു കാവലായി നിന്ന രോഹിണി സ്റ്റേഷനിലെ പൊലീസുകാരിയോട് രാവിലെ അവര്‍ ഇത്രകൂടി പറഞ്ഞു.
“ഞാന്‍ എന്റെ വീടിന്റെ വാടക കുടിശിക അടയ്ക്കാന്‍ കൂടി അദ്ദേഹത്തിന്
ഇ മെയില്‍ അയച്ചിട്ടുണ്ട്.”

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →