ഒളിമ്പിക്സ് സാധ്യതാ ടീമിൽ നിന്ന് ഭർത്താവിനെ അധികൃതർ തഴഞ്ഞു. ദേശീയ ക്യാമ്പിൽ പങ്കെടുക്കാതെ സൈന നെഹ്‌വാളിന്റെ പ്രതിഷേധം

ഹൈദരാബാദ്: ടോക്യോ ഒളിമ്ബിക്‌സിനുള്ള സാധ്യതാ ടീമില്‍ നിന്ന് ബാഡ്മിന്റണ്‍ താരവും ഭർത്താവുമായ പി.കശ്യപിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച്‌ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് സൈന നെഹ്‌വാള്‍.

ഓഗസ്റ്റ് ഏഴിന് ആരംഭിച്ച ദേശിയ ക്യാംപിന് എത്താതെയാണ് സൈന നെഹ്‌വാള്‍ കശ്യപിനെ ഒഴിവാക്കിയ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടേയും ബാഡ്മിന്റണ്‍ അതോറിറ്റി ഓഫ് ഇന്ത്യയുടേയും തീരുമാനത്തില്‍ അതൃപ്തി അറിയിച്ചത്.

ഒളിംപിക്‌സ് സാധ്യത ടീമിലേക്ക് പരിഗണിച്ചവര്‍ ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് ദേശീയ അക്കാദമിയില്‍ ഏഴാം തീയ്യതി മുതൽ പരിശീലനം പുനരാരംഭിച്ചു കഴിഞ്ഞു. എന്നാല്‍ സൈന ക്യാമ്ബിലേക്ക് ഇതുവരെ എത്തിയിട്ടില്ല.

ദേശീയ ക്യാമ്പ് ബഹിഷ്കരിച്ച സൈന ഗോപീചന്ദിന്റെ ബാറ്റ്മിന്റൺ അക്കാദമിക്ക് സമീപമുള്ള മറ്റൊരിടത്ത് കശ്യപിനൊപ്പം പരിശീലനം നടത്തുകയാണ്.

ക്യാംപില്‍ പരിശീലിപ്പിക്കാന്‍ കശ്യപിനെ അനുവദിക്കണമെന്ന് സൈന അഭ്യര്‍ത്ഥിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തന്നെ ഒഴിവാക്കിയതിന്റെ കാരണം തേടി സ്‌പോര്‍ട്‌സ് അതോറിറ്റിക്കും ബാഡ്മിന്റണ്‍ അതോറിറ്റിക്കും കശ്യപ് കത്ത് അയച്ചിട്ടുണ്ടെന്നാണ് സൂചന.

നിലവില്‍ പി.വി.സിന്ധു, ശ്രീകാന്ത്, സായ് പ്രനീത്, എന്‍. സിക്കി റെഡ്ഢി എന്നിങ്ങനെ സാധ്യത പട്ടികയിലുള്ള എട്ടു പേരില്‍ നാലു പേരാണ് പരിശീലനത്തിനായി ദേശീയ അക്കാദമിയില്‍ എത്തിയിട്ടുള്ളത്. സൈന ഇതുവരെ ക്യാംപില്‍ ചേരുന്നതിനെക്കുറിച്ച്‌ തീരുമാനിച്ചിട്ടില്ലെന്നാണ് കശ്യപും പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →