വാഷിംഗ്ടൺ ഡിസി : ഭൂമിയോട് ഏറെ സാമ്യമുള്ള ദ്രാവക ജലത്തിൻറെ സാന്നിധ്യമുള്ള ഗ്രഹത്തിന്റെ ഭാവന ചിത്രം പുറത്തുവിട്ട് നാസ. സൗരയൂഥത്തിന്റെ ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെൻറോറിയെ വലംവയ്ക്കുന്ന പ്രോക്സിമ ബി എന്ന ഗ്രഹത്തിൻറെ കലാഭവനിൽ വിരിഞ്ഞ ചിത്രമാണ് നാസ പ്രസിദ്ധീകരിച്ചത്. അങ്ങിങ്ങായി വെള്ളം കെട്ടി നിൽക്കുന്ന ഗ്രഹോപരിതലത്തിന്റേതാണ് ചിത്രം .
ചക്രവാളത്തിൽ പ്രോക്സിമ സെൻറോറിയെ കൂടാതെ അതേ നക്ഷത്ര സമൂഹത്തിലെ ഇരട്ട നക്ഷത്രങ്ങളായ ആൽഫാ സെൻറോറി എ, ബി എന്നിവയെകൂടി ചിത്രീകരിച്ചിട്ടുണ്ട്
2016 ലാണ് ശാസ്ത്രജ്ഞർ പ്രോക്സിമ ബി എന്ന ഗ്രഹത്തെ കണ്ടെത്തുന്നത്. ഭൂമിയേക്കാൾ അല്പം വലിപ്പമുള്ള ഈ ഗ്രഹത്തിനും അതിൻറെ നക്ഷത്രത്തിൽ നിന്നുമുള്ള അകലം ഏറെക്കുറെ ഭൂമിക്ക് സമാനമാണ്. സ്ഥാനം പരിഗണിക്കുമ്പോൾ ഭൂമിയുടേതിന് തുല്യമായ ഒരു താപനിലയാകാം അവിടെയും. അതിനാൽ ദ്രാവകരൂപത്തിൽ ജല സാന്നിധ്യമുണ്ടായേക്കാം എന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം.
ഈ നൂറ്റാണ്ടിൻറെ അന്ത്യത്തിലെങ്കിലും പ്രോക്സിമ ബി യിലേക്ക് പര്യവേഷണ വാഹനങ്ങളെ അയക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് നാസ

