കാസര്‍കോട് തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഇനി തരിശു രഹിത പഞ്ചായത്ത്

കാസര്‍കോട് : തൃക്കരിപ്പൂരിനെ തരിശുരഹിത പഞ്ചായത്താക്കിയുള്ള  ഔദ്യോഗിക പ്രഖ്യാപനം  റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ വിഡിയോകോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു.  കോവിഡ് കാലത്ത് നമ്മുടെ മണ്ണില്‍ കൃഷി ചെയ്ത് കാര്‍ഷിക മേഖലയെ സമ്പന്നമാക്കി നാടിനോടുള്ള വലിയ ഉത്തരവാദിത്വമാണ് നാം ഓരോരുത്തരും നിറവേറ്റുന്നതെന്ന് മന്ത്രി പറഞ്ഞു.തരിശുപാടങ്ങളും നിലങ്ങളും കൃഷിയോഗ്യമാക്കിയ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിജയം  മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ഫൗസിയ അധ്യക്ഷത വഹിച്ചു.ഹരിത കേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ: ടി.എന്‍. സീമ വിശിഷ്ടാതിഥിയായിരുന്നു. കൃഷി ഓഫീസര്‍ അരവിന്ദന്‍ കൊട്ടാരത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് എന്‍. സുകുമാരന്‍ , പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എ.ജി. സറീന, മെമ്പര്‍ ടി.വി.   കുഞ്ഞികൃഷ്ണന്‍ , സെക്രട്ടറി പി.പി. ഉഷ,കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ ആര്‍. വീണാറാണി, ഹരിത കേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.

തൃക്കരിപ്പൂരിന്റെ ജൈവപാഠങ്ങള്‍

 ‘കൃഷിഭൂമി കൃഷിക്ക് മാത്രം’ എന്ന തത്വത്തില്‍ ഊന്നി കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കാനുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്തിന്റെ മാതൃക പ്രവര്‍ത്തനങ്ങളാണ് തരിശു രഹിത ഗ്രാമപഞ്ചായത്ത് എന്ന നേട്ടത്തിന് പിന്നില്‍. ഹരിത പഞ്ചായത്ത്  സുരക്ഷിത ഭക്ഷണം   എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തരിശുഭൂമിയില്‍ നെല്‍കൃഷി, പരമ്പരാഗത നെല്ലിനങ്ങളുടെ പ്രോത്സാഹനവും  വ്യാപനവും, കരനെല്‍കൃഷി,  വീട്ടില്‍ ഒരു വാഴത്തോട്ടം, മഞ്ഞള്‍ ഗ്രാമം, ഇഞ്ചി കൃഷി വ്യാപനം , കിഴങ്ങുവര്‍ഗ്ഗ കൃഷി വ്യാപനം,  ജീവനി പച്ചക്കറി കൃഷി വ്യാപനം , പച്ചക്കറിത്തൈ വിതരണം പച്ചക്കറിവിത്ത് വിതരണം, ഇടവിളകൃഷി,  നാട്ടുമാവ് നാട്ടു പ്ലാവ് പദ്ധതി, അംഗന്‍വാടി പച്ചക്കറി തോട്ടങ്ങള്‍,സ്‌കൂള്‍ പച്ചക്കറി തോട്ടങ്ങള്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പച്ചക്കറി കൃഷി തോട്ടങ്ങള്‍, പുരയിടങ്ങളില്‍ പോഷക തോട്ടങ്ങള്‍ അംഗന്‍വാടികളിലും വീടുകളിലും ഗ്രോ ബേഗ് കൃഷി തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ് നടപ്പാക്കി വിജയത്തിലെത്തിച്ചത്.

കോവിഡ് പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയിലും തൃക്കരിപ്പൂര്‍ തങ്ങളുടേതായ മാതൃക സൃഷ്ടിച്ചു. .കൂട്ടായ പ്രവര്‍ത്തനത്തിലൂടെ  തരിശുനിലങ്ങള്‍  കണ്ടെത്തി അനുയോജ്യമായ കൃഷിയിറക്കി. ഇന്ന് തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ ഒരു കൃഷിയെങ്കിലും ചെയ്യാത്ത വീട് ഇല്ല.തരിശ് രഹിത തൃക്കരിപ്പൂരിനായി  സുഭിക്ഷ കേരളം പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 15 പദ്ധതികളാണ്  ഈ വര്‍ഷം കൃഷിക്ക് വേണ്ടി മാത്രം നടത്തുന്നത്.വിവിധ പദ്ധതികളിലായി 40000 പച്ചക്കറി തൈകളും 15000 പച്ചക്കറിവിത്ത് കിറ്റുകളും ടിഷ്യു കള്‍ച്ചര്‍കള്‍ച്ചര്‍ വാഴകള്‍ , മാവിന്‍ തൈകള്‍, മറ്റ് വിവിധയിനം ഫലവര്‍ഗ തൈകള്‍, സങ്കരയിനം തെങ്ങിന്‍ തൈകള്‍ തുടങ്ങിയവ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും വീട്ടുവളപ്പിലും നട്ടു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം 20 ഹെക്ടറില്‍ തരിശ് നെല്‍ കൃഷി, 25 ഹെക്ടര്‍ തരിശുഭൂമിയില്‍ കപ്പ കൃഷി, വാഴ, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവ കൃഷി ചെയ്യുന്നു. മഞ്ഞള്‍ ഗ്രാമം പദ്ധതിയില്‍ പഞ്ചായത്തിലെ എല്ലാ വീടുകളിലും മഞ്ഞള്‍ വിത്തും ലഭ്യമാക്കി.

 പച്ചത്തുരുത്തും ഹരിതപ്പന്തലും

ജൈവവൈവിദ്ധ്യ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ വിവിധയിടങ്ങളിലായി 50 പച്ചത്തുരുത്തുകള്‍ നിര്‍മ്മിച്ചു. ഇവയില്‍ രണ്ട് പച്ചത്തുരുത്തുകളില്‍ പേര, സീതപ്പഴം എന്നീ ഫലവൃക്ഷങ്ങള്‍ മാത്രവും ഒന്ന് ഔഷധസസ്യങ്ങള്‍ക്ക്  മാത്രമുള്ളതാണ്.പുതുതായി അഞ്ച് പച്ചത്തുരുത്തുകള്‍ കൂടി ലക്ഷ്യമിടുന്നു. എല്ലാ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും ഔഷധസസ്യങ്ങളും വള്ളികളും കൊണ്ട് ഹരിത പന്തല്‍ ഒരുക്കുന്നതിനായി തൈകള്‍ നട്ടു പരിപാലിക്കുന്നു.മുളവല്‍കരണത്തിന്റെ ഭാഗമായി ഉളിയം പുഴയോരത്ത് രണ്ടര കിലോമീറ്റര്‍ നീളത്തില്‍ മുളംതൈകളും സാമൂഹ്യ വനവല്‍ക്കരണത്തിന്റെ ഭാഗമായി വനം വകുപ്പിന്റെ സഹകരണ്തതോടെ 9500 തൈകളും നട്ടു പരിപാലിച്ചു വരുന്നു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7375/Thrikkarippoor-panchayath.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →