ഡൽഹി : ഇന്ത്യയുടെ വജ്രായുധം എന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂസ് മിസൈൽ വിൽപനയ്ക്കുള്ള ആലോചനകൾ ഇന്ത്യ ശക്തമാക്കി. ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈലുകൾ സ്വന്തമാക്കാൻ നിരവധി രാജ്യങ്ങൾ ഇതിനോടകം തന്നെ മുന്നോട്ടു വന്നിട്ടുണ്ട്.
എന്നാൽ സ്വയം പ്രതിരോധത്തിനായി നിര്‍മിച്ച മിസൈല്‍ വില്‍ക്കാന്‍ ഇത്രയും കാലം ഇന്ത്യ കാര്യമായ മുന്‍കൈ എടുത്തിരുന്നില്ല. അതിനാണ് ഇപ്പോൾ മാറ്റം വരുന്നത്.
വിൽപ്പനയ്ക്കായുള്ള രാജ്യങ്ങളുടെ ഒരു പട്ടിക തന്നെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ തയ്യാറാക്കപ്പെട്ടിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന സൂചനകൾ. ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, മലേഷ്യ, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍ ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങി ആസിയാന്‍ രാജ്യങ്ങളും ചിലി, ബ്രസീല്‍, അര്‍ജന്റീന, വെനിസ്വേല തുടങ്ങി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മിസൈലിന്റെ സാങ്കേതിക സവിശേഷതകള്‍ക്കൊപ്പം കുറഞ്ഞ വിലയും ഈ രാജ്യങ്ങളെ ആകര്‍ഷിക്കുന്നു. ഗ്രീസ്, ബള്‍ഗേറിയ, അള്‍ജീരിയ, ഈജിപ്റ്റ് എന്നിവയ്‌ക്കൊപ്പം യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളും ബ്രഹ്മോസിനെക്കുറിച്ച് ഇന്ത്യയോട് സജീവമായി ആരായുന്നുണ്ട്.
1998 ല്‍ ശബ്ദാതിവേഗ ക്രൂയിസ് മിസൈലുകള്‍ നിര്‍മിക്കാനാണ് ഇന്ത്യയും റഷ്യയും ചേര്‍ന്ന് ബ്രഹ്മോസ് എയ്‌റോസ്‌പേസ് എന്ന സംയുക്ത സംരംഭത്തിന് രൂപം കൊടുത്തത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയും റഷ്യയിലെ റോക്കറ്റ് ഡിസൈനര്‍മാരായ എന്‍പിഒ മഷീനോസ്‌ട്രോയേനിയയുമാണ് ഇതിനായി കൈകോര്‍ത്തത്. ലോകത്തെ ഏറ്റവും വേഗമുള്ള ക്രൂയിസ് മിസൈലായ ബ്രഹ്മോസാണ് സംരംഭത്തില്‍ പിറന്നത്.
1,300 കോടി രൂപ മാത്രം ചെലവാക്കി സ്ഥാപിച്ച ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രതിരോധ രംഗത്തെ വമ്പന്‍ കമ്പനിയായി വളരെ വേഗം വളരുകയായിരുന്നു. രണ്ടു വർഷം മുൻപു തന്നെ 40,000 കോടി രൂപയിലേറെ ബിസിനസ് നടത്തുന്ന സംരംഭമായി കമ്പനി മാറിയിരുന്നു. കമ്പനിയുടെ വിശ്വസ്ത ഉല്‍പ്പന്നമായി വികസിപ്പിക്കപ്പെട്ടതാണ് ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍. കരയില്‍ നിന്നും, അന്തരീക്ഷത്തില്‍ നിന്നും ജലോപരിതലത്തില്‍ നിന്നും അന്തര്‍ വാഹിനിയില്‍ നിന്നും വിക്ഷേപിക്കാനുള്ള കഴിവ് ബ്രഹ്മോസിനുണ്ട്. 450 കിലോമീറ്റര്‍ ദൂരപരിധിയും കൃത്യതയും മണിക്കൂറില്‍ 3,500 കിലോമീറ്റര്‍ വേഗവുണ്ട് ഈ ആയുധത്തിന്.

