ലഖ്നൗ: യുപിയില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൊല ചെയ്യപ്പെട്ടു. യു.പിയിലെ ലഖിംപുര്‍ ഖേരി ജില്ലയില്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയാണ് കൊലപാതകത്തിന് ഇരയായത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള കാട്ടില്‍ കുഴിച്ചിട്ട മൃതദേഹം മൃഗങ്ങള്‍ കടിച്ചുകീറി വികൃതമാക്കിയ നിലയിലായിരുന്നു. സ്‌കോളര്‍ഷിപ്പ് അപേക്ഷ പൂരിപ്പിക്കാനായി ബന്ധുവിന്റെ വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു.
പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചതായി പോലീസ് ചീഫ് സതേന്ദ്രകുമാര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ യുപിയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ പെണ്‍കുട്ടിയാണിത്. പത്തു ദിവസം മുമ്പ് ഇതേ ഗ്രാമത്തിലെ പതിമൂന്നുകാരിയായ പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ് തിരുന്നു.
സ്ത്രീകളും കുട്ടികളും തുടര്‍ച്ചയായി അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് യു.പിയിലെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നതു മൂലമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ക്രമസമാധാനം ഉറപ്പുവരുത്താനുള്ള ഒരു ശ്രമവും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവിക്കാനുള്ള സാഹചര്യം ഇല്ലാതായെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു.