തിരുവനന്തപുരം : പെരിയ ഇരട്ട കൊലപാതക കേസ് സിബിഐക്ക് കൊടുക്കാതിരിക്കാൻ സർക്കാർ ചെലവിട്ടത് 88 ലക്ഷം രൂപ. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്ന കൊലപാതക കേസ് സിബിഐക്ക് വിട്ടു കൊടുക്കണം എന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി പരിഗണിച്ച് സിബിഐക്ക് വിട്ടു കൊടുക്കുവാനും കുറ്റപത്രം റദ്ദാക്കാനും സിംഗിൾബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ സർക്കാർ അപ്പീൽ നൽകി. ഡൽഹിയിൽ നിന്ന് അഭിഭാഷകരെ എത്തിച്ചാണ് സർക്കാർ കേസ് വാദിച്ചത്. 2019 ഒക്ടോബറില്‍ 25 ലക്ഷവും നവംബറില്‍ 21 ലക്ഷവും ഡിസംബറില്‍ 42 ലക്ഷവുമാണ് അഭിഭാഷകർക്കും സഹായികള്‍ക്കുമായി സർക്കാർ നൽകിയത്. ജനത്തിൻറെ പൊതു താല്പര്യത്തിനു വേണ്ടിയല്ല ഇത്രയും പൈസ ചെലവിട്ടത് എന്ന് പ്രതിപക്ഷം ആരോപിച്ചു. അതിനാൽ ചെലവായ തുക ഖജനാവിലേക്ക് തിരിച്ചടയ്ക്കണം എന്നും അവർ ആവശ്യപ്പെട്ടു.
പെരിയ ഇരട്ടക്കൊലപാതക കേസിൽ കോടതിയിൽ സമയോചിതമായ ഇടപെടലാണ് ഉണ്ടായതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സുപ്രധാനമായ ഹൈക്കോടതിവിധി സമാധാനം കാംക്ഷിക്കുന്ന ആളുകൾക്ക് ആശ്വാസമാണെന്നും കൂട്ടിച്ചേർത്തു. പ്രതികളെ സംരക്ഷിക്കാൻ സംസ്ഥാന ഖജനാവിൽ നിന്ന് പണം ചെലവഴിച്ചതിന് നാണമില്ലേ എന്ന് ചെന്നിത്തല ചോദിച്ചു.
കാസർകോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ 2019 ഫെബ്രുവരി 17 -ാം തീയതിയാണ് പെരു വഴിയിൽ വെച്ച് വെട്ടിക്കൊന്നത്.

