തിരുവനന്തപുരം: മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം തിരിഞ്ഞു നോക്കിയില്ല. വാർഡിൽ മണിക്കൂറുകളോളം അനാഥമായി കിടത്തിയെന്ന് പരാതി. പുലർച്ചെ 5.30ന് മരിച്ച ഫാത്തിമ എന്ന സ്ത്രീയുടെ മൃതദേഹത്തോടാണ് അനാദരവ്. പരാതി ഉയർന്നതോടെ രാവിലെ 10.15ന് ജീവനക്കാരെത്തി മൃതദേഹം മാറ്റുകയായിരുന്നു.
പരാതി ഉയർന്ന ശേഷമാണ് ആശുപത്രി ജീവനക്കാർ മൃതദേഹം പൊതിയാൻ പോലും തയാറായതെന്ന് മറ്റ് രോഗികൾ ആരോപിച്ചു. മൃതദേഹത്തിന് സമീപത്തെ കട്ടിലുകളിൽ കിടന്ന രോഗികളും കൂട്ടിരിപ്പുകാരും ആദ്യം പ്രതിഷേധം തുടങ്ങി. മൃതദേഹം മാറ്റാതെ വാർഡിൽ ഭക്ഷണം വിളമ്പിയതോടെ മറ്റുള്ളവർ പ്രതിഷേധിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.