എറണാകുളം: ഓണക്കാലത്ത് മലയാളികൾക്ക് ഒഴിവാക്കാനാകാത്ത കാര്യങ്ങളിൽ ഒന്നാണ് കൈത്തറിയുടെ ഓണപ്പുടവകൾ. കോവിഡിന്റെ പശ്ചാത്തലത്തിൽ വിപണന മേളകൾ കാര്യമായി നടക്കാത്തതും ഷോപ്പിംഗുകൾ കുറഞ്ഞതും ഓണപ്പുടവകൾ വാങ്ങുന്നതിൽ നിന്നും ആളുകളെ പിന്തിരിപ്പിച്ചിട്ടുണ്ട്. കൈത്തറിയുടെ യഥാർത്ഥ ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഈ സാഹചര്യത്തിൽ ഓൺലൈൻ വിപണനം സാധ്യമാക്കുകയാണ് ചേന്ദമംഗലം കൈത്തറി.
ചേന്ദമംഗലം കരിമ്പാടം കൈത്തറി നെയ്ത്ത് സഹകരണ സംഘം എച്ച് 191 ആണ് ഓൺലൈൻ വിപണനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സംഘത്തിന്റെ ഫേസ്ബുക്ക് പേജിൽ ഉത്പന്നങ്ങളുടെ ചിത്രങ്ങളും വീഡിയോകളും നൽകിയിട്ടുണ്ട്. 9446927345 എന്ന വാട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെട്ടാൽ ആവശ്യമുള്ള ഉത്പന്നങ്ങളുടെ ചിത്രങ്ങൾ നൽകും. ഇത് നോക്കി വാങ്ങുന്നവർക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. വിലയും മറ്റ് വിവരങ്ങളും ഇതോടൊപ്പം നൽകും.
കൈത്തറി സാരികൾ 1150 മുതൽ 4100 രൂപ വരെയും സെറ്റ് മുണ്ടുകൾ 1400 മുതൽ 2300 രൂപ വരെയും വിലകളിൽ ലഭിക്കും. മുണ്ടുകൾ 975 മുതൽ 1800 രൂപ വിലയിൽ ലഭിക്കും. റെഡിമെയ്ഡ് ഷർട്ടുകളും ഷർട്ട് മെറ്റീരിയലുകളും ഇവിടെ വിൽപ്പനയ്ക്കായുണ്ട്. ഒരു ഷർട്ടിൻ്റെ തുണിക്ക് 660 രൂപയാണ് വില. ഫുൾസ്ലീവ് റെഡിമെയ്ഡ് ഷർട്ടിന് 900 രൂപയും ഹാഫ് സ്ലീവിന് 875 രൂപയുമാണ് വില. ഓൺലൈനായി വാങ്ങുമ്പോൾ ഷിപ്പിംഗ് ചാർജ് കൂടി നൽകണം.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7310/Chendamangalam-kaithari.html