പരാതി പറയാനെത്തിയ വനിതാ ഹൗസ് സര്‍ജന്മാരെ ഡിഎംഒ അപമാനിച്ചതായി പരാതി

കൊച്ചി: ശമ്പളം ചോദിക്കാനെത്തിയ വനിതാ ഹൗസ് സര്‍ജന്മാരോട് സ്ത്രീകള്‍ക്കെന്തിനാ ശമ്പളം എന്ന് ചോദിച്ച് അപമാനിച്ചതായി പരാതി. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് ശമ്പളം കിട്ടിയില്ലെന്ന പരാതി പറയാന്‍ ഡിഎം.ഒയുടെ സമീപത്ത് എത്തിയപ്പോഴാണ് ഡിഎംഒ ഈ വിധം അധിക്ഷേപിച്ചതായി പെണ്‍കുട്ടികള്‍ ആരോപിക്കുന്നത്.

എന്നാല്‍ ഈ കാര്യം നിഷേധിച്ച് ഡിഎംഒ ഡോക്ടര്‍ എന്‍.കെ. കുട്ടപ്പന്‍ രംഗത്തെത്തി. കളമശേരി മെഡിക്കല്‍ കോളേജിലെ മുന്‍ഹൗസ് സര്‍ജനായ ഡോക്ടര്‍ വീണാ ജെ.എസ് ആണ് തന്റെ സുഹൃത്തുക്കളായ രണ്ട് വനിതാ സര്‍ജന്‍മാര്‍ക്കുണ്ടായ അനുഭവം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. തൊഴിലിടത്തില്‍ ഇതിനുമുമ്പും ഇത്തരം മോശമായതും വിവേചനാപരവുമായ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മറ്റുവനിതാ ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും പരാതി പറയുന്നവര്‍ ഇരയാക്കപ്പെടുന്ന സ്ഥിതിയാണുളളതെന്നും അവര്‍ പറഞ്ഞു.

അധിക്ഷേപത്തിനിരയായവര്‍ക്ക് പിന്തുണയുമായി ഡോക്ടര്‍ മനോജ് വെളളനാട് അടക്കമുളളവര്‍ ഫെയസ് ബുക്കില്‍ പോസ്റ്റുകളിട്ടത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. പെണ്‍കുട്ടികള്‍ക്കെന്തിനാ ശമ്പളം എന്നറിയാന്‍ പാടില്ലാത്തവനാണ് അവിടെ ഇരിക്കുന്നതെങ്കില്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും വനിതാ സര്‍ജന്മാര്‍ ആവശ്യപ്പെട്ടു.

ഒരു വനിത ആരോഗ്യവകുപ്പ് മന്ത്രി ആയിരിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും അതുകൊണ്ടുതന്നെ നല്ലരീതിയിലുളള ഇടപെടല്‍ ഉണ്ടാവുമെന്നും ഉളള പ്രതീക്ഷയാണ് അവര്‍ക്കുളളത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →