ന്യൂഡല്‍ഹി: പരിസ്ഥിതി ആഘാത വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധികരിക്കണമെന്നുളള ഡല്‍ഹി ഹൈക്കോടതിവിധി സുപ്രീംകോടതി ശരിവച്ചു. ചീഫ് ജസ്‌റ്റീസ് എസ് എ ബോബ്‌ഡേയുടെ നേതൃത്വത്തിലുളള ബഞ്ചാണ് കേസില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കരട് വിജ്ഞാപനത്തില്‍ ഡല്‍ഹി ഹൈക്കോടതിയിലെ നടപടികള്‍ തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഈ കേസില്‍ കേന്ദ്ര വനംപരിസ്ഥിതി സെക്രട്ടറിക്കെതിരെ ഹൈക്കോടതിയില്‍ നിലവിലിരുന്ന കോട്ടലക്ഷ്യ നടപടികള്‍ സ്റ്റേ ചെയ്യുകയും ചെയ്‌തു.
ഹിന്ദി ഇംഗ്ലീഷ് ഭാഷകളിലെ വിജ്ഞാപനം ഉള്‍പ്രദേശങ്ങളിലെ സാധാരണ ജനങ്ങള്‍ക്ക് മനസിലാകില്ലെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. പക്ഷെ ഔദ്യോഗിക ഭാഷാചട്ടപ്രകാരം ഹിന്ദി ഇംഗ്ലീഷ് ഭാഷകളില്‍ മാത്രമേ വിജ്ഞാപനം പ്രസിദ്ധീകരിക്കാവൂ എന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ മറുപടിക്ക് ഭാഷാചട്ടം ഭേദഗതി ചെയ്‌തുകൂടെയെന്നായിരുന്നു ചീഫ് ജസ്റ്റീസിന്‍റെ മറുചോദ്യം.
എന്നാല്‍ വിവര്‍ത്തനം പലപ്പോഴും ഫലപ്രദമായിരിക്കില്ലെന്നും ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ഭഗവദ്‌ഗീത ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചിട്ട് ഫലി ക്കാതെ വന്നിരുന്നെന്നും എംബ്രോയിട്ടറി ചെയ്‌ത തുണിയുടെ പുറകുവശം പോലെയിരിക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ അഭിപ്രയപ്പെട്ടു. ഈ വാദം ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ക്ക് ബാധകമല്ലേയെന്ന് ചോദിച്ച ചീഫ് ജസ്റ്റീസ് കേന്ദ്രത്തിന്‍റെ എതിര്‍പ്പ് തളളുകയും കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ ഇറക്കാന്‍ നടപടികള്‍ സ്വീകരിച്ച് കോടതിയെ അറിയിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തു.