പ്യോങ്യാങ്ങ്: അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം ഉത്തരകൊറിയയിലെ പ്രധാന ആണവ കേന്ദ്രമായ യോങ്ബിയോണിന് ഭീഷണിയായതായി ഉപഗ്രഹ പഠനം.
ആണവ കേന്ദ്രവുമായി ബന്ധപ്പെട്ട പമ്പ് ഹൗസുകള്‍ക്ക് വെള്ളപൊക്കത്തില്‍ കേടുപാടുകള്‍ വന്നതായി യുഎസ് ആസ്ഥാനമായി നടന്ന ഉപഗ്രഹ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഓഗസ്റ്റ് 6 മുതല്‍ 11 വരെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ യോങ്ബിയോണ്‍ ന്യൂക്ലിയര്‍ സയന്റിഫിക് റിസര്‍ച്ച് സെന്ററിന്റെ ന്യൂക്ലിയര്‍ റിയാക്ടര്‍ കൂളിംഗ് സംവിധാനത്തെ ദുര്‍ബലമാക്കിയെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.
കൊറിയന്‍ ഉപദ്വീപില്‍ സമീപകാല ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മഴയാണ് അടുത്തിടെ ഉണ്ടായത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉത്തര-ദക്ഷിണ കൊറിയയില്‍ വന്‍ നാശനഷ്ടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമായിരുന്നു.
ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങ്ങിന് 100 കിലോമീറ്റര്‍ (60 മൈല്‍) വടക്ക് കുര്യോംഗ് നദിയുടെ തീരത്താണ് യോങ്ബിയോണ്‍ ആണവ റിയാക്ടറുകള്‍, ഇന്ധന പുനര്‍നിര്‍മ്മാണ പ്ലാന്റുകള്‍, രാജ്യത്തിന്റെ ആണവായുധ പദ്ധതിയില്‍ ഉപയോഗിക്കുമെന്ന് കരുതപ്പെടുന്ന യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റുകള്‍ എന്നിവ സ്ഥിതി ചെയ്യുന്നത്. അഞ്ച് മെഗാവാട്ട് റിയാക്ടര്‍ – ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം നിര്‍മ്മിക്കാനാണ് ഈ പ്ലാന്റ് ഉപയോഗിക്കുന്നത്.