മുംബൈ: വെബ് സ്ട്രീമിംഗ് പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തതോടെ ഹിന്ദി സിനിമാലോകവും മലയാള ചിത്രം കുമ്പളങ്ങി നൈറ്റ്സിനെ വാനോളം പുകഴ്ത്തിത്തുടങ്ങി.
‘എത്ര മികച്ച ചിത്രമാണിത്, എത്ര മനോഹരമായ സംവിധാനം, അഭിനേതാക്കളും തകർത്തു ‘ എന്ന് ബോളിവുഡ് നടി അനുഷ്ക ശർമ ഇൻസ്റ്റാഗ്രാമിൽ കുറിച്ചതാണ് പുതിയ സംഭവം.
സംവിധായകനായ മധു . സി. നാരായണനെ അനുഷ്ക സ്റ്റാറ്റസിൽ മെൻഷൻ ചെയ്യുകയും ചെയ്തു. ഇറങ്ങി ഒരു വർഷം കഴിയുമ്പൊഴും പുതിയ ആരാധകരെ നേടുകയെന്ന അപൂർവ സൗഭാഗ്യമാണ് സിനിമയ്ക്കുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിലെ ചെരാതുകൾ എന്ന ഗാനത്തെ പുകഴ്ത്തി ബോളിവുഡ് ഗായകൻ അർജിത് സിങ് രംഗത്തു വന്നിരുന്നു. ‘എ മാസ്റ്റർ പീസ്’ എന്നാണ് പാട്ടിന്റെ വീഡിയോ പങ്കുവച്ചു കൊണ്ട് അർജിത് സിങ് കുറിച്ചത്.
ശ്യം പുഷ്കറും ദിലീഷ് പോത്തനും ചേർന്ന് രചന നിർവഹിച്ച ചിത്രത്തിൽ സൗബിൻ ഷാഹിർ, ഫഹദ് ഫാസിൽ , ശ്രീനാഥ് ഭാസി, അന്നാ ബെൻ , ഷെയിൻ നിഗം , ഗ്രേസ് ആൻറണി , എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.