കൊവിഡ് ബാധിക്കാതെ കുതിപ്പ് തുടര്‍ന്ന് രാജ്യത്തിന്റെ വിദേശ വിനിമയ കരുതല്‍ ശേഖരം

മുംബൈ: കൊവിഡ് പ്രതിസന്ധി വക വയ്ക്കാതെ ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 10 മാസത്തിനിടെ 534.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. വിദേശ കറന്‍സി ആസ്തികള്‍, സ്വര്‍ണം, സ്‌പെഷ്യല്‍ ഡ്രോയിങ് റൈറ്റ്സ് (ഐ.എം.എഫില്‍ നിന്നുള്ളത്), റിസര്‍വ് ട്രാഞ്ച് പൊസിഷന്‍ എന്നിവയാണ് ഈ കരുതല്‍ ശേഖരത്തില്‍ സാധാരണയായി വരാറുള്ളത്. റെക്കോഡ് കരുതല്‍ ശേഖരമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ആഗോളതലത്തില്‍ ക്രൂഡ് ഓയിലില്‍ വിലയിലുണ്ടായ കുറവും സ്വര്‍ണ ഇറക്കുമതി തീരുവ കുറച്ചതും കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക അനിശ്ചിതത്വവും ഇതിന് കാരണമായിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ വിദേശവിനിമയ ശേഖരം ഇടിയാന്‍ തുടങ്ങിയതാണ്. എന്നാല്‍ കോര്‍പ്പറേറ്റ് നികുതി ഇളവുകള്‍ പ്രഖ്യാപിച്ചശേഷം ഗതിമാറി. മെയ് മാസത്തില്‍ 12 ബില്യണ്‍ ഡോളറാണ് വര്‍ദ്ധിച്ചത്. ജൂണ്‍ ആദ്യവാരം മൂന്നു ബില്യണ്‍ വര്‍ധിച്ചു. അങ്ങനെ 500 ബില്യണ്‍ രേഖ കടന്നു. ഈ ചരിത്ര നേട്ടം വന്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇന്നിപ്പോള്‍ 534 ബില്യണായി. ഇത്രയും കരുതല്‍ ശേഖരമുള്ളപ്പോള്‍ ഇന്ത്യ സുരക്ഷിതമെന്നു കണ്ടിട്ടാണ് ഇപ്പോള്‍ കൂടതല്‍ മൂലധനം വരുന്നത്. ഇത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഗുണകരമാണ്. ഇറക്കുമതി ആയാസരഹിതമാകും. രൂപയുടെ മൂല്യം ഇടിയുന്നതു തടയാനാകും. വ്യാപാരം പോലെ തന്നെ വിദേശമൂലധനം വരുമ്പോള്‍ നമുക്ക് ഡോളര്‍ കിട്ടും. വിദേശമൂലധനം പോകുമ്പോള്‍ ഡോളര്‍ ചുരുങ്ങും. അതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വിദേശ വിനിമയ ശേഖരം പെരുകുന്നത് വ്യാപാരക്കമ്മി ഇല്ലാതായതുകൊണ്ടല്ല.

സാമ്പത്തിക തകര്‍ച്ചയിലാണെങ്കിലും വിദേശമൂലധനം ഷെയര്‍മാര്‍ക്കറ്റിലും മറ്റും കളിക്കുന്നതിനു വേണ്ടി ഇന്ത്യയിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ്. അവരെ ആകര്‍ഷിക്കാനുതകുന്ന നയമാണ് ഇന്ത്യാ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിനുവേണ്ടിയാണ് ഉത്തേജക പാക്കേജു പോലും കടിഞ്ഞാണിട്ട് നിര്‍ത്തിയത്.

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ജൂലായ് 10ന് അവസാനിച്ച പാദത്തില്‍ 310.8 കോടി ഡോളര്‍ വര്‍ധിച്ച് 51,636.2 കോടി ഡോളറിലെത്തിയിരുന്നു. ഇപ്പോഴത്തെ വിനിമയ മൂല്യം അനുസരിച്ച് ഏതാണ്ട് 38.73 ലക്ഷം കോടി രൂപ വരുമിത്. ജൂലായ് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരം 641.6 കോടി ഡോളറിന്റെ വര്‍ധനയുമായി 51,354 കോടി ഡോളറിലെത്തിയിരുന്നു. ജൂണ്‍ അഞ്ചിന് അവസാനിച്ച ആഴ്ചയിലാണ് വിദേശനാണ്യ കരുതല്‍ ശേഖരം ആദ്യമായി 50,000 കോടി ഡോളര്‍ കടന്നത്. ശേഖരത്തിലെ ഏറ്റവും വലിയ ഘടകമായ വിദേശ കറന്‍സി ആസ്തികളിലെ വര്‍ധനയാണ് ജൂലായ് 10ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരം ഉയരാന്‍ സഹായിച്ചത്. വിദേശ കറന്‍സി ആസ്തികള്‍ 237.2 കോടി ഡോളര്‍ ഉയര്‍ന്ന് 47,563.5 കോടി ഡോളറിലെത്തിയെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

വിദേശനാണ്യ കരുതല്‍ ശേഖരം യു.എസ്. ഡോളറിലാണ് സൂചിപ്പിക്കുന്നതെങ്കിലും യൂറോ, പൗണ്ട്, ജാപ്പനീസ് യെന്‍ തുടങ്ങിയ കറന്‍സികളും വിദേശ കറന്‍സി ആസ്തികളില്‍ പെടുന്നുണ്ട്. അതിനാല്‍, അവയുടെ മൂല്യത്തിലുള്ള കയറ്റിറക്കങ്ങള്‍ കരുതല്‍ ശേഖരത്തില്‍ പ്രതിഫലിക്കും.ആര്‍.ബി.ഐ.യുടെ പക്കലുള്ള സ്വര്‍ണ ശേഖരത്തിന്റെ മൂല്യം 71.2 കോടി ഡോളര്‍ വര്‍ധിച്ച് 3,472.9 കോടി രൂപയിലെത്തി. അന്താരാഷ്ട്ര നാണയ നിധിയിലുള്ള നിക്ഷേപം 50 ലക്ഷം ഡോളര്‍ വര്‍ധിച്ച് 145.3 കോടി ഡോളറായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →