കുട്ടനാട്: കുട്ടനാട്ടിൽ മഴ രൂക്ഷമായതോടെ വ്യാപകമായി മടകൾ വീണു. അറുനൂറിലധികം ഏക്കറിൽ കൃഷി നശിച്ചു. കൈനഗിരി പഞ്ചായത്തിലെ വലിയ തുരുത്ത് പാടശേഖരത്തിൽ മടകള്‍ വീണതോടെ സമീപപ്രദേശങ്ങളിലെ വീടുകൾക്ക് കേടുപാടുകൾ പറ്റി. വീടുകളിൽ വെള്ളം കയറി. നാട്ടുകാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇതുവരെ കുട്ടനാട്ടിലെ ക്യാമ്പുകളുടെ എണ്ണം 40 ആയി. കോവിഡ് പശ്ചാത്തലത്തിൽ നാലു തരത്തിലുള്ള ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കായംകുളം മാവേലിക്കര ചെങ്ങന്നൂർ കൈനിക്കര എന്നിവിടങ്ങളിൽ നിന്നും 300 ഓളം ജനങ്ങളെ മാറ്റി താമസിപ്പിച്ചു.
ചെങ്ങന്നൂരിലാണ് ഏറ്റവും വലിയ രീതിയിൽ ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. 22 ക്യാമ്പുകളാണ് ചെങ്ങന്നൂരിൽ മാത്രം സജ്ജീകരിച്ചിരിക്കുന്നത്. പലയാളുകളും ക്യാമ്പുകളിലേക്ക് പോകാൻ മടി കാണിക്കുന്നുണ്ട്. ‘തങ്ങളുടെ വീട്ടിൽ പ്രായമായ ആളുകളും കുട്ടികളുമുണ്ട്. കോവിഡ് വ്യാപിക്കുന്ന ഈ സമയത്ത് എങ്ങനെ ക്യാമ്പുകളിൽ വിശ്വസിക്കും? വെള്ളം വരട്ടെ, അപ്പോൾ നോക്കാം’ എന്നാണ് ആളുകളുടെ പ്രതികരണം .

