മൂന്നാര്‍: മൂന്നാർ രാജമലയില്‍ മണ്ണിടിഞ്ഞു. പെട്ടിമുടി സെറ്റില്‍മെന്റിന്റെ മുകളിലേക്ക് വെള്ളിയാഴ്ച പുലർച്ചെ നാലുമണിയ്ക്കാണ് മണ്ണിടിഞ്ഞത്. ഇരുപോളം കുടുംബങ്ങള്‍ താമസിച്ചിരുന്ന 3 ലയങ്ങള്‍ മണ്ണിനടിയിലായി. എണ്‍പത്തിനാലു പേർ ഇവിടെ താമസിച്ചിരുന്നു. ആളുകള്‍ അടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സംശയം. അഞ്ചുപേർ മരിച്ചു. പത്തു പേരെ രക്ഷപ്പെടുത്തി. മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിലെത്തിച്ചു. നാലു പേരുടെ നില ഗുരുതരമാണ്. ബാക്കി ആളുകളെ കാണാതായിട്ടുണ്ട്. ഇതില്‍ ചിലർ ബന്ധുക്കള്‍ താമസിക്കുന്ന മറ്റു ലയങ്ങളില്‍ പോയിരിക്കാം. അവരുടെ എണ്ണം അധികം വരികയില്ല. അറുപതിലേറെ പേർ എങ്കിലും മണ്ണിനടിയില്‍ പെട്ടിട്ടുണ്ടാകുമെന്ന് സംശയിക്കുന്നു. 67 പേർ അപകടത്തില്‍ പെട്ടുവെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. തമിഴ് തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നവർ. നേയ്മക്കാട് എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ ആണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. തൊട്ടുപിന്നാലെ വനംവകുപ്പ് ഉദ്യാഗസ്ഥരും ഇടമലക്കുടികളിലെ ആദിവാസികളും അവിടെ എത്തി. പോലീസും ആരോഗ്യപ്രവർത്തകരും ദുരന്തനിവാരണസേനയും അവിടെയെത്തി.
പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതിനാല്‍ പോലീസിനോ റവന്യൂ വകുപ്പിനോ ഇവിടെയെത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ കൊല്ലം പ്രളയത്തില്‍ തകര്‍ന്ന പാലം ഇതുവരേയും പണിപൂര്‍ത്തിയായിട്ടില്ല. താത്ക്കാലിക പാലം കഴിഞ്ഞ ദിവസം മഴയില്‍ തകര്‍ന്നു.
മൊബൈല്‍ റേഞ്ചോ ഇലക്ട്രിസിറ്റിയോ ഉണ്ടായിരുന്നില്ല. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി ജീപ്പുകളും ജെ സി ബി എത്തുന്നതിനുള്ള ബുദ്ധിമുട്ടുകളും രക്ഷാപ്രവർത്തകർക്ക് വെല്ലുവിളിയായി. 32 സെന്‍റീമീറ്റർ മഴയാണ് വ്യാഴാഴ്ച രാജമലയില്‍ ലഭിച്ചിട്ടുള്ളതെന്നാണ് കാലാവസ്ഥ നിരീക്ഷകർ.