തൃശ്ശൂര്‍: കേരളത്തില്‍ കോവിഡ് മൂലമുള്ള മരണങ്ങളുടെ എണ്ണം 102 ആയി. ഇതുവരെ 31,700 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചപ്പോള്‍ 19,151 പേരുടെ രോഗം ഭേദമായി. അതായത്, 188 പേര്‍ സുഖപ്പെടുമ്പോള്‍ ഒരാള്‍ മരിക്കുന്നു. ഇത് ദേശീയ ശരാശരിയേക്കാളും മറ്റ് ഏതൊരു രാജ്യത്തെ മരണനിരക്കിനേക്കാളും വളരെ കുറവാണ്. ഇന്ത്യയില്‍ 33 പേര്‍ സുഖപ്പെടുമ്പോള്‍ ഒരാള്‍ മരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച അമേരിക്കയിലാകട്ടെ 16 പേര്‍ സുഖപ്പെടുമ്പോള്‍ ഒരാള്‍ മരിക്കുന്നു.
കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 102 മരണങ്ങളില്‍ 70 പേരും 60 വയസ്സു മുതല്‍ 87 വയസ്സുവരെ വിവിധ പ്രായത്തിലുള്ള വയോജനങ്ങളാണ്. കോവിഡ് ബാധയോടൊപ്പം നിലവിലുള്ള പലവിധ രോഗങ്ങളും വാര്‍ദ്ധക്യജന്യമായ അവശതകളുമാണ് പലരേയും മരണത്തിലേക്ക് നയിക്കുന്നത്. ബാക്കി മരണങ്ങളില്‍, മലപ്പുറം ജില്ലയിലെ ഒരു നവജാതശിശു ഒഴിച്ചാല്‍ മറ്റു എല്ലാവരും 30 നും 60 നും മധ്യേ പ്രായമുള്ളവരാണ്. വിവിധ പ്രായഗണത്തില്‍പ്പെട്ടവരുടെ മരണ അനുപാതം താഴെ കൊടുക്കുന്നു.
കൂടുതല്‍ മരണങ്ങള്‍ക്കു സാക്ഷ്യം വഹിച്ചത് തലസ്ഥാനനഗരി സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ജില്ലയാണ്. സാമൂഹ്യവ്യാപനം രൂക്ഷമായ പ്രദേശങ്ങള്‍ കൂടുതലും തിരുവന്തപുരം ജില്ലയില്‍ തന്നെയാണ്. ഇതുവരെയുളള കണക്കനുസരിച്ച് 18 പേര്‍ തിരുവനന്തപുരം ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു. 16 പേര്‍ എറണാകുളം ജില്ലയിലും 12 പേര്‍ കോഴിക്കോട് ജില്ലയിലും മരണപ്പെട്ടു. പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളില്‍ ഓരോ മരണം വീതവും ഇടുക്കി, പാലക്കാട് ജില്ലകളില്‍ 2 മരണങ്ങള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തു. ഓരോ ജില്ലയിലേയും മരണസംഖ്യ സൂചിപ്പിക്കുന്ന ഗ്രാഫ് താഴെ കൊടുക്കുന്നു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി ഏറെ വൃദ്ധരുള്ള സംസ്ഥാനമാണ് കേരളം. ഏകദേശം 50 ലക്ഷം പേര്‍ 60 വയസ്സു തികഞ്ഞവരായി കേരളത്തിലുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുറത്തിറങ്ങാതെ വീടിനുള്ളില്‍ കഴിയാനുള്ള നിര്‍ദ്ദേശമാണ് ഇവര്‍ക്കു നല്‍കിയിട്ടുള്ളതെങ്കിലും കേരളത്തില്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാമൂഹ്യവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് ആവശ്യമായിരിക്കുകയാണ്. കോവിഡ് ഭീഷണിയോടൊപ്പം കനത്തമഴയും ഉരുള്‍പൊട്ടലും ആയതോടെ ഇരട്ട ദുരന്തമാണ് കേരളത്തിന് നേരിടേണ്ടിവരുന്നത്.
തയ്യാറാക്കിയത് : സിജോ ജോസ്

