ജനീവ: കൊറോണ വൈറസിന്റെ ഉദ്ഭവം കണ്ടെത്താന്‍ ബെയ്ജിങിലെത്തിയ ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഡബ്ല്യുഎച്ച്ഒ മേധാവി ടെട്രോസ് അദാനം ഗബ്രിയോസിസ് അറിയിച്ചു. ജൂലൈ 10നാണ് പകര്‍ച്ചവ്യാധി വിദഗ്ധനെയും മൃഗസംരക്ഷണ വിദഗ്ധനെയും ചൈനയിലേക്ക് അയച്ചത്. ഇവരുടെ ദൗത്യം പൂര്‍ത്തിയായി. മൃഗങ്ങളില്‍നിന്നുള്ള വൈറസ് ഉദ്ഭവത്തെക്കുറിച്ചാണ് ഈ സംഘം പഠനം നടത്തിയത്. തുടര്‍പഠനം നടത്താനായി രാജ്യാന്തരതലത്തില്‍ പ്രമുഖ ശാസ്ത്രജ്ഞരേയും ഗവേഷകരേയും ഉള്‍ക്കൊള്ളിച്ച് വിപുലമായി സംഘത്തെ പിന്നീട് അയക്കും. ചൈനയുമായി കൂടിയാലോചിച്ചായിരിക്കും പരിശോധനാ വിഷയങ്ങള്‍ തീരുമാനിക്കുക.
കോവിഡ് കേസുകളുടെ ഉറവിടം തിരിച്ചറിയാന്‍ ചൈനയില്‍ വ്യാപകമായി പകര്‍ച്ചവ്യാധി പഠനങ്ങള്‍ ആരംഭിക്കും. ഇതിലൂടെ ശേഖരിക്കുന്ന അനുമാനങ്ങളും തെളിവുകളും തുടര്‍ന്നുള്ള പഠനത്തിന് അടിത്തറയാകും. കോവിഡിനെ നേരിടാന്‍ ലോകരാജ്യങ്ങളുടെ കൈയില്‍ മാന്ത്രികവടിയില്ല. പരിശോധന, സമ്പര്‍ക്കം കണ്ടെത്തല്‍, ശാരീരിക അകലം പാലിക്കല്‍, ഗ്ലൗസ്, മാസ്ക് തുടങ്ങിയവയുടെ ധാരണം, ഇടവിട്ടുള്ള കൈകഴുകല്‍ തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദാനം പറഞ്ഞു.
അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ചൈനയ്ക്കെതിരേ ലോകാരോഗ്യ സംഘടന അന്വേഷണത്തിനു തയ്യാറായത്. ഡിസംബറില്‍ വൂഹാനില്‍ നാശംവിതച്ചുതുടങ്ങിയ വൈറസിനെക്കുറിച്ച് മറ്റ് ലോകരാജ്യങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ കൈമാറിയില്ലെന്നായിരുന്നു ആരോപണം. കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതില്‍ വൂഹാന്‍ കാര്യമായ പങ്കുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തണമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. അന്വേഷണ സംഘത്തെ രാജ്യത്തു പ്രവേശിപ്പിക്കുകയില്ലെന്ന് ചൈന ആദ്യം നിലപാടെടുത്തു. ചൈനയില്‍ നിന്നല്ലെന്നും മറ്റെവിടെയെങ്കിലും നിന്നായിരിക്കാം രോഗപ്പകര്ച്ചയെന്നും ചൈനീസ് അധികൃതര്‍ പറഞ്ഞു. അന്താരാഷ്ട്ര സമ്മര്‍ദം ഏറിയതോടെ ചൈന വഴങ്ങുകയായിരുന്നു.

