ലഖ്നൌ: അയോധ്യയിലെ രാമജന്മഭൂമി തീർഥക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം ബുധനാഴ്ച, 05-08-2020-ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. ക്ഷേത്രനിര്‍മാണ ആരംഭ ചടങ്ങുകള്‍ അന്തര്‍ദേശീയ തലത്തില്‍ വന്‍ ആഘോഷമാക്കാനാണ് രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ശ്രമം. സുരക്ഷാ മുന്നിറിയിപ്പുകളുടെ പശ്ചാത്തലത്തിലും കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലും കനത്ത സുരക്ഷയിലും ജാഗ്രതയിലുമാണ് ചടങ്ങുകള്‍ നടക്കുക. ബുധനാഴ്ച 11 മണിയോടുകൂടി ശിലാസ്ഥാപന ചടങ്ങുകള്‍ക്കായി പ്രധാനമന്ത്രി അയോധ്യയില്‍ എത്തിച്ചേരും. ഹനുമാന്‍ ഘടിയിലെ പ്രാര്‍ഥനയ്ക്കു ശേഷമാവും പ്രധാനമന്ത്രി ശിലാസ്ഥാപന ചടങ്ങിലേക്ക് കടക്കുക. 40 കിലോ ഭാരമുള്ള വെള്ളിയിലുള്ള ശിലയാണ് പ്രധാനമന്ത്രി സ്ഥാപിക്കുക. ശിലാസ്ഥാപനം ഉച്ചയ്ക്ക് 12.15ന് പ്രധാനമന്ത്രി നടത്തുമെന്ന് ക്ഷേത്രനിര്‍മാണ ട്രസ്റ്റ് അറിയിച്ചു. ചടങ്ങുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മൂന്നുമണിക്കൂര്‍ അയോധ്യയില്‍ ഉണ്ടാവും.
അതീവ സുരക്ഷയോടെ 175 പേര്‍ മാത്രമാവും ചടങ്ങില്‍ പങ്കെടുക്കുക. മാത്രമല്ല, പങ്കെടുക്കാന്‍ കഴിയാത്ത ആളുകളെയും ചടങ്ങിന്റെ ഭാഗമാക്കാനുള്ള നടപടികളും ആസൂത്രണം ചെയ്യുന്നുണ്ട്. ദൂരദര്‍ശന്‍ ഉള്‍പ്പെടെ രാജ്യത്തെ ന്യൂസ് ചാനലുകള്‍ പരിപാടികള്‍ ലൈവ് സംപ്രേഷണം നടത്തും. നൂറുകണക്കിന് സിസിടിവി വഴി അയോധ്യയിലെങ്ങും പരിപാടി കാണാനുള്ള സംവിധാനം ഒരുക്കും. രാജസ്ഥാനില്‍നിന്ന് കല്ലുകളെത്തിച്ചാണ് ശിലാനിര്‍മാണം പുരോഗമിക്കുന്നത്. അയോധ്യയിലെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കും പരോക്ഷമായി ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കും കൊവിഡ് പരിശോധന നടത്താനാണ് നിലവിലെ തീരുമാനം. ക്ഷേത്രനിര്‍മാണ ശിലാസ്ഥാപന ചടങ്ങുകളുടെ സമയം ക്രമീകരിച്ചതും ഇതിന്റെകൂടി അടിസ്ഥാനത്തിലാണ്.
രാമജന്മഭൂമി- ബാബരി തര്‍ക്ക കേസില്‍ കഴിഞ്ഞ നവംബര്‍ 9ലെ സുപ്രിംകോടതി വിധിയെ തുടര്‍ന്നാണ് രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി രൂപീകരിച്ച 15 അംഗ ട്രസ്റ്റ് ആദ്യയോഗത്തില്‍ നൃത്യ ഗോപാല്‍ദാസിനെ പ്രസിഡന്റായും ചമ്പത് റായിയെ ജനറല്‍ സെക്രട്ടറിയായും സ്വാമി ഗോവിന്ദ് ദേവ് ഗിരിയെ ഖജാന്‍ജിയായും തിരഞ്ഞെടുത്തിരുന്നു. 67 എക്കറില്‍ 270 അടി ഉയരത്തില്‍ നിര്‍മിക്കുന്ന ക്ഷേത്രം ഇന്ത്യയിലെ പ്രമുഖ എന്‍ജിനീയറിങ് സ്ഥാപനമായ എല്‍ആന്റ്ടി ആകും നിര്‍മിക്കുക.
അയോധ്യയില്‍ പണികഴിപ്പിക്കുന്ന രാമക്ഷേത്രത്തിനായി നല്‍കുന്ന സംഭാവനകളെ ആദായനികുതി പരിധിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ നിധി എന്നിവയുടെ ഗണത്തില്‍പ്പെടുത്തി നികുതിയിളവു നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്. ആദായനികുതി വകുപ്പ് നിയമത്തിന്റെ വകുപ്പ് 80 ജിയില്‍പ്പെടുത്തിയാണ് അയോധ്യ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രം ട്രസ്റ്റിന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് നികുതി ഒഴിവാക്കി നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.

