ന്യൂഡല്‍ഹി: കോവിഡ് 19 നെ പൂര്‍ണ്ണമായി പരാജയപ്പെടുത്താന്‍ സാമൂഹ്യ പ്രതിരോധശേഷി മാത്രം മതിയാവില്ലെന്നും വാക്സിനെ ആശ്രയിക്കേണ്ടി വരുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒരു രോഗത്തില്‍ നിന്നുളള പരോക്ഷമായ സംരക്ഷണം മാത്രമാണ് സാമൂഹ്യ പ്രതിരോധശേഷിയെന്നും ഇന്ത്യയെപോലുളള ജനസംഖ്യ കൂടിയ ഒരു രാജ്യത്ത് ഇത് ഗുണം ചെയ്യില്ലെന്നും മന്ത്രാലയം പറഞ്ഞു. വൈറസിനെ പ്രതിരോധിക്കാനുളള ഒരു ജനസംഖ്യയുടെ കഴിവ് ഒരു രോഗം പടരുന്നത് സ്വാഭാവികമായി തടയുകയും അധികം ആളുകളിലൂടെ ഇത് പകരുന്ന അവസ്ഥ ഇല്ലാതാവുകയും ചെയ്യുന്നതാണ് സാമൂഹ്യ പ്രതിരോധശേഷി. ഇന്ത്യയില്‍ സാമൂഹ്യ പ്രതിരോധശേഷി ഒരു മാര്‍ഗ്ഗമല്ലെന്നും കഴിഞ്ഞ വ്യാഴാഴ്ച ആരോഗ്യ മന്ത്രാലയം നടത്തിയ ഒരുവാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുംബൈയിലെ 7000 ത്തോളം ആളുകളില്‍ നടത്തിയ മെഡിക്കല്‍ സര്‍വ്വേയില്‍ നഗരത്തിലെ ചേരികളില്‍ താമസിക്കുന്ന 57 ശതമാനം പേര്‍ക്കും കോവിഡ് 19 ഉണ്ടെന്നും എന്നാല്‍ ഭൂരിഭാഗം ആളുകളും രോഗലക്ഷണം ഇല്ലാത്തവരോ അല്ലെങ്കില്‍ രോഗം വന്ന് സുഖം പ്രാപിച്ചവരോ ആണെന്ന് കണ്ടെത്തിയതാണ് സാമൂഹ്യ പ്രതിരോധ ശേഷി സംബന്ധിച്ച പ്രതീക്ഷകള്‍ ഉയര്‍ത്തിയത്.

