കോണ്‍സുലേറ്റിന്‍റെ കാറില്‍ പായ്ക്കറ്റുകള്‍ സി ആപ്റ്റിന്‍റെ ഓഫീസിലേക്ക്; സ്വപ്നയുടെ ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ട്;

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു സമീപമുള്ള ശിവശങ്കറിന്‍റെ ഹെതർ ഫ്ലാറ്റിൽ കെ ടി റമിസിനെയും കൂട്ടി എന്‍ ഐ എ തെളിവെടുപ്പ് നടത്തി. കൂടാതെ കോവളത്തുള്ള 2 ഹോട്ടലുകളിലും സന്ദീപിന്‍റെ അരുവിക്കരയിലുള്ള വീട്ടിലും റമീസിനെ എത്തിച്ച് തെളിവെടുത്തു. ആറു ദിവസം റമീസ് ഹെതർ ടവറിൽ തങ്ങിയെന്നും ആ സമയങ്ങളിൽ ശിവശങ്കറും അവിടെയുണ്ടായിരുന്നുവെന്നും എന്‍ ഐ എ പറഞ്ഞു.

കസ്റ്റംസിന്‍റെ കസ്റ്റഡിയിലുണ്ടായിരുന്ന സ്വപ്നയേയും സന്ദീപിനേയും കസ്റ്റഡി കാലവധി കഴിഞ്ഞ് ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്‍റെ ലോക്കറിൽ നിന്ന് ലഭിച്ച പണവും സ്വർണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. നിരവധി റിയൽ എസ്റ്റേറ്റ് ബിസിനസ് സംരംഭങ്ങളിൽ ഇടനിലക്കാരി ആയിരുന്നു സ്വപ്ന എന്ന് തെളിയിക്കുന്ന രേഖകൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.

റിയൽ എസ്റ്റേറ്റ് കച്ചവടത്തിൽ ലഭിച്ച പണമാണ് ലോക്കറിൽ വെച്ചതെന്ന് സ്വപ്ന മൊഴി നൽകി. യുഎഇ കോൺസുലേറ്റ് ജനറൽ കൂടി ഇതിൽ പങ്കാളിയാണെന്ന് സ്വപ്ന പറഞ്ഞു. രണ്ട് ലോക്കറിൽ നിന്നായി കസ്റ്റംസിന് ലഭിച്ചത് 1.05 കോടി രൂപയും 121 പവൻ സ്വർണവുമാണ് . സ്വർണ്ണം വിവാഹത്തിന് സമ്മാനം കിട്ടിയതാണെന്നാണ് സ്വപ്ന പറഞ്ഞത്. ആദ്യ വിവാഹത്തിന് 5 കിലോ സ്വർണം ലഭിച്ചിരുന്നുവെന്നും തൻറെ പുതിയ വീടിൻറെ പണിക്കായി കുറച്ചു സ്വർണം എടുത്ത് വിറ്റു എന്നും പറഞ്ഞു. തിരുവനന്തപുരം സ്റ്റാച്യുവിലെ ബാങ്കിൽ ലോക്കർ തുറന്നത് സ്വപ്നയും ശിവശങ്കറിൻറെ ചാർട്ടേഡ് അക്കൗണ്ടൻറും ചേർന്നാണ്. സ്വപ്ന സുരേഷിനോടൊപ്പം ചേർന്ന് ബാങ്ക് തുറന്നത് ശിവശങ്കർ പറഞ്ഞിട്ടാണെന്ന് ചാർട്ടേഡ് അക്കൗണ്ട് മൊഴിനൽകി.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിനെ കീഴിലുള്ള സർക്കാർ സ്ഥാപനമായ സി ആപ്റ്റിന്റെ ഉദ്യോഗസ്ഥർക്ക് കസ്റ്റംസ് നോട്ടീസ് നൽകി. യുഎഇ കോൺസുലേറ്റിലെ ചിലർ ഇവിടെ നിത്യസന്ദർശകനായിരുന്നു, ഇടക്കിടെ പാക്കറ്റുകൾ കോണ്‍സുലേറ്റിന്‍റെ കാറില്‍ കൊണ്ടുവരാറുണ്ട് എന്നീ കാര്യങ്ങൾ വ്യക്തമായതിനെ തുടർന്നാണ് ആണ് ഉദ്യോഗസ്ഥന്മാരോട് ഓഫീസിൽ ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുള്ളത്. പായ്ക്കറ്റുകള്‍ സി ആപ്റ്റിന്‍റെ കാറില്‍ പുറത്തേക്കും കൊണ്ടുപോകാറുണ്ടായിരുന്നു. പായ്ക്കറ്റുകളില്‍ മതഗ്രന്ഥങ്ങളായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. സി ആപ്റ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്യും. വ്യാഴാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തി ചില പരിശോധനകൾ നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഈ നീക്കങ്ങൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →