തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ വ്യാപനം കണക്കിലെടുത്ത് നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ സംസ്ഥാനത്ത് ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു. 206 ദീര്‍ഘദൂര ബസ്സുകളാണ് പുനരാരംഭിക്കുക. കോവിഡ് കാലത്ത് ആളുകള്‍ യാത്രയ്ക്കായി ബസുകള്‍ ഉപയോഗിക്കുന്ന ശീലം കുറച്ചു. ഇരുചക്ര വാഹനങ്ങളും യൂസ്ഡ് കാറുകളുടെയും വില്‍പ്പന ഇക്കാലത്ത് കൂടി.
ആളുകള്‍ പൊതുഗതാഗതശീലം ഉപേക്ഷിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഈ സാഹചര്യത്തിലാണ് നഷ്ടമാണെങ്കിലും കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്. ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത് നന്നാണോയെന്ന് സ്വകാര്യ ബസ് ഉടമകള്‍ ചിന്തിക്കണം. സ്വകാര്യ ബസ് ഉടമകള്‍ക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ടു മാസത്തേക്ക് നീട്ടിയെന്നും നികുതി അടയ്ക്കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

