ഫാംഉടമയുടെ മരണം അന്വേഷണം നാർക്കോട്ടിക്സ് സെല്ലിലെ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍

പത്തനംതിട്ട: വനംവകുപ്പുദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ഫാം ഉടമ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണ ചുമതല നാർക്കോട്ടിക്സ് സെല്ലിലെ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ്.

പത്തനംതിട്ട ചിറ്റാര്‍ കുടപ്പന പടിഞ്ഞാറെ ചെരുവില്‍  മത്തായി കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കുടുംബ വീടിനോട് ചേര്‍ന്ന കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കുടപ്പനക്കു സമീപം വനംവകുപ്പ് സ്ഥാപിച്ചിരുന്ന ക്യാമറ തകര്‍ക്കപ്പെട്ട  സംഭവ വുമായി ബന്ധപ്പെട്ട്  വനം വകുപ്പ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത്  ഏതാനം മണിക്കൂറുകള്‍ക്കുളളിലാണ്  കൊല്ലപ്പെട്ട നിലയില്‍ കിണറിനുളളില്‍ കാണപ്പെട്ടത്. 

ഈ സംഭവത്തില്‍ അന്വേഷണ ചുമതല ജില്ലാ നാർക്കോട്ടിക്സ് സെല്ലിലെ  ഡിവൈഎസ്പി ആര്‍ പ്രദീപ് കുമാറിന് നല്‍കിയതായി ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. വനംവകുപ്പ്  സതേണ്‍ കണ്‍സര്‍വേറ്റര്‍ സജ്ജയന്‍കുമാര്‍ ചെയര്‍മാനായ പ്രത്യേക സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. അവരുടെ റിപ്പോര്‍ട്ട് ഇന്ന് വനം വകുപ്പ്മേധാവിക്ക്  കൈമാറിയേക്കും.   

മത്തായിയുടെ മൃതദേഹം കോവിഡ് പരിശോധനക്കുശേഷം ആര്‍ഡിഒ യു ടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു  പോയി. സംഭവം കഴിഞ്ഞ് രണ്ടുദിവസം  കഴിഞ്ഞിട്ടും, മരിച്ച മത്തായിയുടെ ഭാര്യ ഷീബ വനപാലകര്‍ക്കെതിരെ വ്യക്തമായ മൊഴി  നല്‍കിയിട്ടും വനപാലകരെ പ്രതിചേര്‍ക്കാന്‍ പോലീസ് തയ്യാറാകാത്തത് ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേതുടര്‍ന്നാണ്  ഡിവൈഎസ്പിയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്.  വനസംരക്ഷണ നിയമത്തിന്‍റെ പേരില്‍ പാവപ്പെട്ട കര്‍ഷകരെ കേസില്‍ പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വനം വകുപ്പുദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തിര നടപടിയുണ്ടാവണമെന്ന്  ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു. കര്‍ഷകരുടെ നേരെയുണ്ടാവുന്ന ഉദ്യോഗസ്ഥ  പീ‍ഡനത്തിന്‍റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും മത്തായിയുടെ കുടുംബത്തിന് അടിയന്തിര സഹായമെത്തിക്കണമെന്നും കുറ്റക്കാരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →