തിരുവനന്തപുരം: കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ല് ബ്രാന്റഡ് അരിയാക്കി മാറ്റി സര്‍ക്കാരിനു കൊടുക്കാന്‍ വ്യാജ അരിയുണ്ടാക്കി സപ്ലൈക്കോക്ക് കൈമാറുന്നതായി പരാതി. വെളളനെല്ല് റെഡോക്സൈഡ് ചേര്‍ത്താണ് മട്ടയാക്കുന്നത്.
സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്നത് 26.95 രൂപയ്ക്കാണ് . നെല്ലിന്റെ സംഭരണ വില നിശ്ചയിക്കുന്നത് സര്‍ക്കാരാണ്. സ്വകാര്യ മില്ലുകാര്‍ നെല്ല് സംഭരിക്കുകയും ചെയ്യുന്നു. പണം ബാങ്ക് അക്കൗണ്ടിലൂടെയാണ് കര്ഷകന് കൊടുക്കുന്നത്. മില്ലുകാര്‍ സംഭരിക്കുന്ന സമയത്ത് നെല്ലിന്റെ ഗുണനിലവാരം മോശമാണെന്നും ഈര്‍പ്പമുണ്ടെന്നും മറ്റുമുളള കാരണം പറഞ്ഞ് വിലപേശും. ആ വിലയ്ക്ക് കൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍ മില്ലുകാര്‍ സംഭരണം നിര്‍ത്തിവയ്ക്കും. മറ്റു നിര്‍വാഹമില്ലാതെ കര്‍ഷകര്‍ അവര്‍ പറയുന്ന വിലയ്ക്ക് കൊടുക്കാന്‍ തയ്യാറാവുകും ചെയ്യുന്നു. ഇതിലൂടെ മില്ലുകാര്‍ക്ക് ലക്ഷങ്ങള്‍ ലഭിക്കുന്നു.
മില്ലുകള്‍ സംഭരിച്ച നെല്ല് അരിയാക്കി സര്‍ക്കാരിന് തിരികെ കൊടുക്കുമ്പോള്‍ 100 കിലോ നെല്ലിന് 64.5 കിലോ അരിയാണ് ഇപ്പോള്‍ കൊടുക്കുന്നത്. നേരത്തേയിത് 68 കിലോ ആയിരുന്നു. എന്നാല്‍ നെല്ല് അരിയാക്കുമ്പോള്‍ 70 കിലോ വരെ ലഭിക്കുമെന്ന് കര്‍ഷകനായ മണി പറയുന്നു, നേരത്തേ കൊടുത്തിരുന്ന 68 കിലോ നഷ്ടമാണെന്നും അളവ് കുറയ്ക്കണമെന്നും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി മില്ലുകള്‍ 64.5 കിലോയെന്ന് നിശ്ചയിപ്പിക്കുകയായിരുന്നു. ക്വിന്റലിന് 214 രുപയാണ്കൂലി. ഇങ്ങനെ കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന അരി ബ്രാന്റഡ് ആക്കി മാറ്റുന്നു. പകരം സര്‍ക്കാരിന് കൊടുക്കാനുളള അരിക്കായി തമിഴ്നാട് കര്‍ണ്ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് വില കുറഞ്ഞ അരിയെത്തിച്ച് കളര്‍ ചേര്‍ത്ത് മട്ടയരിയാക്കി മാറ്റുന്നു. ഈ അരിയാണ് പലപ്പോഴും സപ്ലൈക്കോ ഗോഡൗണുകളില്‍ എത്തിക്കുന്നത്. ഈ അരിയാണ് മട്ടയരിയെന്ന പേരില്‍ റേഷന്‍ കടകളില്‍ നിന്നും ലഭിക്കുന്നതെന്ന പരാതി വ്യാപകമാണ്.
മില്ലുകാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ഈ കുംഭകോണത്തെപ്പറ്റി അന്വേഷിക്കുന്നില്ലെന്ന് റേഷന്‍ ഡീലേഴ്സ് അസ്സോസിയേഷന് സെക്രട്ടറി രാജു കണയന്നൂര്‍ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ സാമ്പിളുകള്‍ കോന്നിയിലെ ലാബില്‍ പരിശോധനക്കയച്ചു. മായം കലര്‍ന്നതായി കണ്ടാല്‍ മറ്റു ജില്ലകളിലും പരിശോധന നടത്താനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം . സര്‍ക്കാര്‍ നടത്തുന്ന പരിശോധന കഴിഞ്ഞ് റേഷന്‍ കടകളിലെത്തുന്ന അരിയില്‍ 20 മുതല്‍ 80 ശതമാനം വരെ വ്യാജനാണെന്നത് പരസ്യമായ രഹസ്യവും ആണ്.

