തിരുവനന്തപുരം: കൊവിഡ് പോസിറ്റീവ് ആയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീട്ടില്‍ ചികിത്സിക്കാന്‍ അനുമതി. രോഗലക്ഷണമില്ലാതെ പോസിറ്റീവ് ആകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വീട്ടില്‍ ചികിത്സയ്ക്ക് അനുമതി നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗബാധ കൂടുന്നത് മുന്നില്‍ കണ്ടാണ് ഇവര്‍ക്കുള്ള ചികിത്സാ മാനദണ്ഡം പുതുക്കിയത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാമെന്ന് രേഖാമൂലം അപേക്ഷ നല്‍കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് അനുമതി ലഭിക്കുക.
ജോലിചെയ്യുന്ന ആശുപത്രികളിലെ നോഡല്‍ ഓഫിസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. വീടുകളില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ 65 കഴിഞ്ഞവരുമായും കൊച്ചുകുട്ടികളുമായും സമ്പര്‍ക്കം പാടില്ല. സ്വന്തം ഉപയോഗത്തിന് ശുചിമുറി വേണം. കുടുംബാംഗങ്ങളുമായി അടുത്തിടപഴകാനോ മറ്റ് മുറികളിലേക്ക് പോകാനോ പാടില്ല. 10ാം ദിവസം ആന്റിജന്‍ ടെസ്റ്റ് നടത്തുമ്പോള്‍ നെഗറ്റീവ് ആണെങ്കില്‍ ഏഴ് ദിവസംകൂടി വിശ്രമത്തില്‍ കഴിയണം.
വീടുകളില്‍ കഴിയുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ദിവസവും സ്വയം ആരോഗ്യസ്ഥിതി വിലയിരുത്തണം. രോഗലക്ഷണം പ്രകടമാവുകയാണെങ്കില്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയെ അറിയിച്ചശേഷം ആശുപത്രിയില്‍ ചികിത്സയ്ക്ക് പോകാം. നിലവില്‍ പോസിറ്റീവാകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലാണ് ചികിത്സ നല്‍കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പുറമേ രോഗലക്ഷണമില്ലാത്ത എല്ലാ കൊവിഡ് രോഗികള്‍ക്കും വീട്ടില്‍ ചികിത്സയെന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്.

