ഇടുക്കി: കൊറോണയ്ക്കെതിരേ വീടുകളില്‍ കയറിയിറങ്ങി പ്രാര്‍ഥന നടത്തിയ പാസ്റ്റര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കി പീരുമേട് പമ്പനാറിന് സമീപം പട്ടുമല സ്വദേശിയായ പാസ്റ്റർക്കാണ് രോഗ സ്ഥിരീകരണം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാസ്റ്റര്‍ 60ഓളം വീടുകളില്‍ കയറിയിറങ്ങി കൊവിഡ് മഹാമാരിക്കെതിരേ പ്രാര്‍ഥന നടത്തിയിരുന്നു. കണ്ടെയ്ന്മെന്റ് സോണിലെ വീടുകളിലടക്കം പോയാണ് പ്രാര്‍ഥന നടത്തിയത്. സാമൂഹിക അകലം പാലിക്കാതെയായിരുന്നു പ്രാര്‍ഥന. പൊലീസ് കേസ് എടുത്തശേഷം നടത്തിയ സ്രവപരിശോധനയിലാണ് കോറോണ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.
നേരത്തെ രോഗബാധിതനായ തോട്ടം തൊഴിലാളിയെ സന്ദർശിച്ചതോടെ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന വീട്ടമ്മയുടെ വീട്ടിലെത്തി പാസ്റ്റർ പ്രാർത്ഥന നടത്തിയിരുന്നു. താൻ നിരീക്ഷണത്തിലായതിനാൽ വീട്ടിൽ കയറുന്നത് വിലക്കിയെങ്കില്യം അവഗണിച്ച് പ്രാർത്ഥന നടത്തുകയായിരുന്നു.
ഇരുന്നൂറിലധികം വീടുകളിൽ ഇയാൾ പ്രാർത്ഥനയ്ക്കായി എത്തിയതായും ഇയാളുടെ സമ്പർക്ക ലിസ്റ്റ് തയ്യാറാക്കി വരുന്നതായും ഇടുക്കി ഡി എം ഒ അറിയിച്ചു.
ഇതിന് മുൻപും കണ്ടെയ്ൻമെന്റ് സോണിൽ ഭവന സന്ദർശനം നടത്തിയതിന് ഇയാളിൽ നിന്നും 25,000 രൂപ പിഴ ഈടാക്കിയിരുന്നു. പെന്തക്കോസ്ത് സഭ ഇയാളെ തൽക്കാലത്തേയ്ക്ക് ചുമതലകളിൽ മാറ്റിയിരുന്നു. ഇതിനിടെയാണ് രോഗം കണ്ടെത്തിയത്.
ജില്ലയിലെ തന്നെ ഉപ്പുതറയിൽ വൈദികനും കപ്യാർക്കും സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തി. രോഗം കണ്ടെത്തിയതോടെ പീരുമേട് പഞ്ചായത്തിലെ ആറ് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി.

