12കാരിയെ പീഡിപ്പിച്ച മുന്‍ എംഎല്‍എ മുരുകേശന്‍ അറസ്റ്റില്‍; കുട്ടിയുടെ മാതാവടക്കം നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

ചെന്നൈ: 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍ നാഗര്‍കോവില്‍ എംഎല്‍എ എന്‍ എ മുരുകേശന്‍ അറസ്റ്റില്‍. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ മുരുകേശനെ തിരുനെല്‍വേലിയില്‍നിന്നാണ് പിടികൂടിയത്. ഇതോടെ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം അഞ്ചായി. സംഭവത്തില്‍ കുട്ടിയുടെ മാതാവടക്കം നാല് പ്രതികളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.

20കാരന്‍ കടത്തിക്കൊണ്ടുപോയ പെണ്‍കുട്ടിയെ പൊലീസ് മോചിപ്പിച്ചതോടെയാണ് മുന്‍ എംഎല്‍എ. അടക്കമുള്ളവര്‍ കുട്ടിയെ പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്. കന്യാകുമാരി ജില്ലാ ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കിയ പെണ്‍കുട്ടിതന്നെയാണ് മുരുകേശനടക്കമുള്ളവര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മൊഴി നല്‍കിയത്. കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ശിശുസംരക്ഷണ സമിതി നാഗര്‍കോവില്‍ യൂണിറ്റ് ജില്ലാ വനിതാ പൊലീസിനും പരാതി നല്‍കി. മുരുകേശനെതിരേ പോക്‌സോ ആക്റ്റ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

പാര്‍ട്ടിക്ക് അപമാനം വരുത്തിയതിന് മുരുകേശനെ എഐഎഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് നീക്കിയതായി പാര്‍ട്ടി കോ- ഓഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ പന്നീര്‍ സെല്‍വം പ്രസ്താവനയില്‍ അറിയിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →