കൊച്ചി: എടിഎം ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ ശുചിയാക്കണമെന്നാണ് മാര്‍ഗനിര്‍ദേശം. എന്നാല്‍, കേരളത്തിലെ എടിഎമ്മുകളില്‍ 43 ശതമാനത്തിലും സാനിറ്റൈസര്‍ ലഭ്യമല്ലെന്ന ഞെട്ടിപ്പിക്കുന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നു. കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ- ഇക്കണോമിക് ആന്റ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് (സിഎസ്ഇഎസ്) സംസ്ഥാനത്തെ 276 എടിഎമ്മുകളില്‍ നടത്തിയ സാംപിള്‍ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള എടിഎമ്മുകള്‍ ജൂലൈ 24നും 27നും ഇടയ്ക്ക് സര്‍വേസംഘം പരിശോധിച്ചു. റിസര്‍വ് ബാങ്കിന്റെ 2020 മാര്‍ച്ചിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 9931 എടിഎമ്മുകളുണ്ട്. അതില്‍ പകുതിയില്‍ താഴെയും സാനിറ്റൈസര്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഈ സാംപിള്‍ സര്‍വേ കണ്ടെത്തി. വിവരം ശേഖരിച്ച എടിഎമ്മുകളില്‍ പലയിടത്തും തീരെ ചെറിയ സാനിറ്റൈസര്‍ കുപ്പിയാണ് വച്ചിരുന്നത്. അവയില്‍ തന്നെ പലതിലും സാനിറ്റൈസര്‍ ഇല്ല. കൈകള്‍ സാനിറ്റൈസ് ചെയ്യേണ്ടതിന്റെ പ്രാധാന്യവും ചെയ്യേണ്ട രീതിയും 40 ശതമാനം എടിഎമ്മുകളില്‍ മാത്രമാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. കോവിഡ് വ്യാപനത്തിന് ഏറെ സാധ്യതയുള്ള ഇടങ്ങളാണ് എടിഎമ്മുകള്‍.

