കോട്ടയം: ഏത് പാർട്ടിക്കാരനായാലും ചെയ്തത് തെറ്റാണന്ന് അൽഫോൺസ് കണ്ണന്താനം.
ചികത്സയിലിരിക്കെ മരിച്ച കോട്ടയം ചുങ്കം നടുമാലിൽ ഔസേപ്പ് ജോർജിന്റെ സംസ്ക്കാരമാണ് ജനപ്രതിനിധിയുടെ നേതൃത്വത്തിൽ തടഞ്ഞത്. ശ്വാസതടസ്സത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലായിരുന്നു. ശനിയാഴ്ച വൈകീട്ടാണ് മരിച്ചത്.
കോട്ടയം മുട്ടമ്പലത്തെ വൈദ്യുതി ശ്മശാനത്തിൽ സംസ്ക്കരിക്കുവാനുള്ള അധികൃതരുടെ നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. മൃതദേഹത്തിൽ നിന്നും രോഗം പകരുമെന്നതിനാൽ പൊതു ശ്മശാനത്തിലെ സംസ്ക്കാരം ഒഴിവാക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
മരിച്ചവരോടുള്ള അനാദരവ് നമ്മുടെ സംസ്കാരത്തിന് നിരക്കാത്തതാണന്നും സംസ്ക്കാരം തടഞ്ഞവർക്കെതിരെ കർശന നടപടിയെടുക്കുവാൻ പോലീസിന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര സർക്കാർ നിർദ്ദേശിച്ച കോവിഡ് പ്രോട്ടോകോൾ മാനദണ്ഡമനുസരിച്ചാണ് ആരോഗ്യ പ്രവർത്തകർ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏത് പാർട്ടിക്കാരാണ് സംസ്ക്കാരം തടഞ്ഞതെങ്കിലും ചെയ്തത് തെറ്റും വിവരക്കേടുമാണ്. സംഭവം കോട്ടയത്തിന് തന്നെ അപമാനകരവുമെന്ന് അൽഫോൺസ് കണ്ണന്താനവും പ്രതികരിച്ചു. ബി.ജെ.പി നഗരസഭ കൗൺസിലറാണ് ഇത്തരത്തിൽ പ്രവർത്തിച്ചതെന്ന് ചൂണ്ടിക്കാട്ടിയ പ്പോഴാണ് കണ്ണന്താനത്തിന്റെ മറുപടി.

