ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നിയമസഭ അടിയന്തരമായി ചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം തടഞ്ഞ് ഗവര്‍ണര്‍. 21 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്കി നിയമസഭ വിളിക്കാനാണ് ഗവര്‍ണര്‍ കല്‍രാജ് മിശ്ര നിര്‍ദേശം നല്‍കിയത്. ജൂലൈ 31ന് നിയമസഭ വിളിച്ചുകൂട്ടണമെന്നു കാട്ടി മുഖ്യമന്ത്രി അശോക് നല്കിയ മന്ത്രിസഭാ ശിപാര്‍ശ ഗവര്‍ണര്‍ തള്ളി. ഗവര്‍ണര്‍ക്കെതിരേ ഗെഹ്ലോട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പരാതി നല്കിയിക്കുകയാണ്.
സഭ സമ്മേളിക്കുന്നതില്‍ എതിര്‍പ്പില്ല. വിശ്വാസവോട്ടാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നിയമസഭ വിളിച്ചുകൂട്ടണമെന്ന ശിപാര്‍ശയില്‍ അക്കാര്യം പരാമര്‍ശിക്കണം. വിശ്വാസവോട്ടെടുപ്പാണ് ഉദ്ദേശ്യമെന്ന് മാധ്യമങ്ങളില്‍ പറയുന്നുണ്ടെങ്കിലും ശിപാര്‍ശയില്‍ ആ പരാമര്‍ശമില്ല. കൊവിഡ് കാലത്തെ എംഎല്‍എമാരുടെ യാത്രാപ്രശ്നം മൂലം 21 ദിവസത്തെ സാവകാശം കൊടുത്തുമാത്രമേ നിയമസഭ വിളിക്കാവൂ എന്ന നിലപാടാണ് ഗവര്‍ണര്‍ക്ക്.
സച്ചിന് പൈലറ്റിന്റെ നേതൃത്വത്തില്‍ 17 വിമത എംഎല്‍എമാര്‍ പ്രത്യേകം സംഘടിച്ച് കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പിന് ശ്രമിച്ചിരുന്നു. എന്നാല്‍, കൂറുമാറ്റ നിരോധന നിയമത്തിലെ ചില വകുപ്പുകള്‍ ഉപയോഗിച്ച് സ്പീക്കര്‍ ഈ എംഎല്‍എമാരുടെ നിയമസഭാ അംഗത്വം റദ്ദാക്കി. ഇതിനെതിരേ കോടതിയില്‍ കേസ് നടക്കുകയാണ്. കേസിന്റെ വിധിതീര്‍പ്പ് വരുന്നതിനു മുമ്പേ നിയമസഭ ചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാനാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ശ്രമിക്കുന്നത്. അതിനാണ് ഗവര്‍ണര്‍ തടയിട്ടത്. ഇതിനിടെ ആറ് ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ചൂണ്ടിക്കാട്ടി ബിജെപി നല്കിയ ഹര്‍ജി രാജസ്ഥാന് ഹൈകോടതി തള്ളി.

