ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ആശങ്കയുണര്‍ത്തി കൊവിഡ് മുക്തനായ ആള്‍ക്ക് വീണ്ടും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. അണുബാധയുടെ സ്വഭാവത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ജല്‍പായ്ഗുരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫായ 45കാരനാണ് രണ്ടാം തവണയും രോഗം സ്ഥീരികരിച്ചത്. ജൂണ്‍ രണ്ടാം വാരത്തിലാണ് ഇയാള്‍ക്ക് ആദ്യമായി രോഗം ബാധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം സുഖം പ്രാപിച്ച ശേഷം വീണ്ടും ജോലിക്കെത്തി. എന്നാല്‍ താമസിയാതെ വീണ്ടും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
വുഹാനില്‍ ആദ്യം രോഗമുണ്ടായവരില്‍ രണ്ടാം തവണയും അണുബാധയുണ്ടായതായി ചൈന റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരിക്കല്‍ രോഗബാധിതരായ ആളുകള്‍ അപകടസാധ്യതയില്ലാത്തവരാണെന്നതിന് തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടനയും ഏപ്രിലില്‍ പറഞ്ഞു. ഇത് ശരി വയ്ക്കുന്നതാണ് പശ്ചിമ ബംഗാളിലെ കൊവിഡ് കേസെന്നാണ് വിലയിരുത്തല്‍.

