വിവാഹ വീടുകളില്‍ മംഗളാശംസാ കാര്‍ഡുമായി കൊടകര ഗ്രാമപഞ്ചായത്ത്

തൃശൂര്‍ : കോവിഡ് വ്യാപനം തടയുന്നതിനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വിവാഹ വീടുകളില്‍ ആശംസാ കാര്‍ഡുമായി കൊടകര ഗ്രാമപഞ്ചായത്ത്. വൈറസ് വ്യാപനം തടയുന്നതിനും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിനുമായി വിവാഹം ഉറപ്പിക്കുന്ന വീടുകളില്‍ മംഗളാശംസക്കൊപ്പം കോവിഡ് സന്ദേശവുമടങ്ങിയ ആശംസാ കാര്‍ഡുമായി പഞ്ചായത്ത് അധികൃതരെത്തും. വിവാഹം നടക്കുന്ന വീടുകളിലും ആശംസ കാര്‍ഡ് വിതരണം ചെയ്യും.

പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും മുന്‍കൈയെടുത്താണ് ആശംസാ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. ‘മംഗളാശംസയും കരുതലും’ എന്ന തലക്കെട്ടിലുള്ള ആശംസാ കാര്‍ഡില്‍ കോവിഡിനെതിരെയും ജലജന്യ രോഗങ്ങള്‍ക്കെതിരെയും ഓരോരുത്തരും പാലിക്കേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നു. കൊതുക് പരത്തുന്ന രോഗങ്ങളെ എങ്ങനെ തടയാം എന്നതു സംബന്ധിച്ചും മേല്‍പറഞ്ഞ സേവനങ്ങള്‍ക്കായി അധികൃതരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.

പഞ്ചായത്തിന്റെ പരിധിയില്‍ നടക്കുന്ന മുഴുവന്‍ വിവാഹ വീടുകളിലും വാര്‍ഡ് മെമ്പര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ , ആശ വര്‍ക്കര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മംഗളാശംസക്കൊപ്പം ബോധവത്കരണ സന്ദേശവുമടങ്ങുന്ന കാര്‍ഡ് വിതരണം ചെയ്യും. പേരാമ്പ്ര പത്താം വാര്‍ഡിലെ ജോണി മാഞ്ഞാലി കണ്ണംപിള്ളിയുടെ മകന്‍ ഡെനോയുടെ മനസ്സമ്മത ചടങ്ങില്‍ മംഗളാശംസാ കാര്‍ഡിന്റെ ആദ്യ വിതരണം നടന്നു. കോവിഡ് കാലത്തു പാലിക്കേണ്ട നിര്‍ദേശങ്ങള്‍ എങ്ങനെ ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കാമെന്ന ചിന്തയില്‍ നിന്നാണ് വിവാഹ വീടുകള്‍ കേന്ദ്രീകരിച്ചു കൊണ്ടുള്ള പുതിയൊരു ബോധവത്കരണ പരിപാടിയിലേക്ക് പഞ്ചായത്ത് എത്തിച്ചേര്‍ന്നതെന്ന് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ പറഞ്ഞു.

ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ ടീച്ചര്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഇ.എല്‍ പാപ്പച്ചന്‍, വിലാസിനി ശശി, പഞ്ചായത്തംഗം പ്രനില ഗിരീഷന്‍, ഹെല്‍ത്ത് ഇന്‍സ്പെടക്ടര്‍ ഹാരിസ് പറച്ചിക്കോടന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷോഗന്‍ ബാബു, എ. രാജീവന്‍, എം. സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6448/Kodakara-Grama-Panchayat-with-Mangalasamsa-card-at-wedding-houses.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →