റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിമിംഗലങ്ങളയും ഡോള്‍ഫിനുകളെയും വേട്ടയാടുന്ന ദ്വീപസമൂഹം: പരിസ്ഥിതി- ജന്തു സ്‌നേഹികളുടെ പ്രതിഷേധങ്ങള്‍ വനരോദനങ്ങളായി മാറുന്നു

July 22, 2020 - 4:43 pm

കോപ്പന്‍ഹോഗന്‍: പരമ്പരാഗതമായ ആവേശത്തോടെ ഇക്കൊല്ലവും നൂറുകണക്കിന് തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയും കുന്തം കൊണ്ട് കുത്തിക്കൊന്നു. അവയുടെ രക്തം കൊണ്ട് കടല്‍ ചുവന്നു. നിരവധി പരിസ്ഥിതി- ജന്തു സ്‌നേഹികള്‍ ഇതിനെതിരേ പ്രതിഷേധിച്ച് രംഗത്തുവന്നെങ്കിലും അതെല്ലാം വനരോദനങ്ങളായി മാറി.

മുടങ്ങാതെ എല്ലാ വര്‍ഷവും ജൂലൈ മാസത്തില്‍ ഫെറോ ദ്വീപ് (Faroe Islands) നിവാസികള്‍ നടത്തുന്ന തിമിംഗല വേട്ടയ്ക്ക് ആയിരത്തോളം വര്‍ഷത്തെ പഴക്കമുണ്ട്. തിമിംഗലത്തിന്റെ മാംസവും അതിന്റെ കൊഴുപ്പും ഫെറാ ദ്വീപിലുള്ള പരമ്പരാഗത ഭക്ഷണമാണ്. ശീതകാലത്തേക്ക് ഇവയുടെ മാംസം ഉണക്കി സൂക്ഷിക്കുകയും ചെയ്യും. മൂര്‍ച്ചയേറിയ കുന്തം കഴുത്തിലൂടെ കുത്തിയിറക്കിയാണ് തിമിംഗലങ്ങളെ കൊല്ലുന്നത്. ഇത്തവണ 252 പൈലറ്റ് തിമിംഗലങ്ങളേയും 35 ഡോള്‍ഫിനുകളേയും കൊന്നു.

പൈലറ്റ് ഇനത്തില്‍പ്പെട്ട തിമിംഗലങ്ങളാണ് ഇവിടെ കൂടുതലായി വേട്ടയാടപ്പെടുന്നത്. കൂടാതെ വൈറ്റ് സൈഡഡ് ഡോള്‍ഫിനുകളുടെ മാംസവും ഇവര്‍ ഭക്ഷിക്കുന്നു. വര്‍ഷത്തില്‍ പതിനായിരത്തോളം തിമിംഗലങ്ങള്‍ ഫെറോ ദ്വീപസമൂഹത്തിനു സമീപത്തുകൂടി കടന്നുപോകുന്നുണ്ട്. അതില്‍ ആയിരത്തോളം എണ്ണത്തെ ഇവര്‍ വര്‍ഷംതോറും പിടികൂടി കൊല്ലുന്നു. ഇങ്ങനെ തിമിംഗല- ഡോള്‍ഫിന്‍ വേട്ട നടത്തുന്നതിന് സര്‍ക്കാരില്‍ നിന്ന് പാസ് എടുക്കണം. തുടര്‍ന്ന് വേട്ടയാടാന്‍ വൈദഗ്ധ്യം നേടിയവരുടെ നേതൃത്വത്തില്‍ മൃഗയ ആരംഭിക്കും.

അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെ വടക്കായി ബ്രിട്ടന്‍, നോര്‍വേ, ഐസ്ലാന്റ് എന്നീ രാജ്യങ്ങള്‍ക്കിടയില്‍ ചിതറിക്കിടക്കുന്ന 18 പ്രധാന ദ്വീപുകളോടു കൂടിയ ദ്വീപസമൂഹമാണ് ഫറോ. ഡെന്‍മാര്‍ക്കിന്റെ കോളനിയാണെങ്കിലും 1948 മുതല്‍ സ്വയംഭരണാവകാശമുണ്ട്. ചെമ്മരിയാടുകളുടെ നാട് എന്നാണ് ഫറോയ്ക്ക് അര്‍ഥം. തലസ്ഥാനം: ടോര്‍ഷവന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *