ന്യൂഡല്‍ഹി: ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിന്റെ കാലമൊക്കെ കഴിഞ്ഞു. ഡിഷ് ആന്റിന വഴി അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന നൂതന പദ്ധതിയുമായി സ്പേസ് എക്സാണ് ഇനിയത്തെ താരം. വേഗമേറിയ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് മിഷന്‍ ബീറ്റാ ടെസ്റ്റിങ് തുടങ്ങിക്കഴിഞ്ഞു. സെക്കന്‍ഡില്‍ 1 ജിബി വേഗമുള്ള സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ആണ് ലഭ്യമാവുക.
ടെറസിനും കെട്ടിടങ്ങള്‍ക്കും മുകളില്‍ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിനകളുടെ സഹായത്തോടെയാണ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്. ലോകത്തെ ഏത് കുഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഈ സംവിധാനത്തിനു സാധിക്കും. ജൂണ്‍ 25ന് ഫാല്‍ക്കണ്‍- 9 റോക്കറ്റ് ഉപയോഗിച്ച് 60 ഉപഗ്രഹങ്ങള്‍കൂടി വിക്ഷേപിച്ചതോടെ ബഹിരാകാശത്ത് എത്തിയ മൊത്തം സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകളുടെ എണ്ണം 540 ആയി. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി മേധാവി ഇലോണ്‍ മസ്‌ക് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.

