കാലവര്‍ഷക്കെടുതി: വയനാട് പഞ്ചായത്ത്തലത്തില്‍ കണ്‍ട്രോള്‍ റൂം തുറക്കും

വയനാട് : കാലവര്‍ഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ ഇടപെടല്‍ നടത്താന്‍ പഞ്ചായത്ത് തലത്തില്‍ കണ്‍ട്രോള്‍ റൂം തുറക്കും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ വൈത്തിരി താലൂക്കിലെ മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച്ചകകം ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണം. ഇവിടെ ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുളള  നടപടികളും സ്വീകരിക്കണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു. നിലവില്‍ കളക്ട്രേറ്റിലും താലുക്ക്തലത്തിലും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമെയാണ് പഞ്ചായത്ത് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ജില്ല നേരിട്ട പ്രളയാനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് നടപടി.

നാല് തരം ക്യാമ്പുകള്‍ തുറക്കും

കോവിഡ് പശ്ചാത്തലത്തില്‍ നാല് തരത്തില്‍പ്പെട്ട ദുരിതാശ്വാസ ക്യാമ്പുകളാണ് തുറക്കുക.  എ,ബി,സി,ഡി തലത്തിലാണ് ഇവ നിര്‍ണ്ണയിച്ചിരിക്കുന്നത്. ‘എ’ വിഭാഗത്തില്‍ ജനറല്‍  വിഭാഗത്തില്‍ പെട്ടവരേയും ‘ബി’ വിഭാഗത്തില്‍ അറുപത് വയസ്സിന് മുകളിലുളള വരെയുമാണ് പ്രവേശിപ്പിക്കുക. കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ‘സി’ വിഭാഗത്തിലാണ് പാര്‍പ്പിക്കുക. ‘ഡി’ വിഭാഗം ഹോം ക്വാറന്റീനില്‍ താമസിക്കുന്നവര്‍ക്കാണ്.

  പഞ്ചായത്ത്തലത്തില്‍ ഇത്തരത്തില്‍ ക്യാമ്പുകള്‍ തയ്യാറാക്കുന്നതിനുളള കെട്ടിടങ്ങള്‍ കണ്ടെത്താന്‍ നേരത്തേതന്നെ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് വൈത്തിരി താലൂക്കില്‍ 97 കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ‘എ’ വിഭാഗത്തിനായി അറുപതും ‘ബി’ വിഭാഗത്തില്‍ പതിനഞ്ചും ‘സി’ വിഭാഗത്തില്‍ പന്ത്രണ്ടും ‘ഡി’ വിഭാഗത്തിന് പത്തും കെട്ടിടങ്ങള്‍ മാറ്റിവെക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ കണ്ടെത്താനും യോഗം പഞ്ചായത്തുകളോട് നിര്‍ദ്ദേശിച്ചു.

ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തുമ്പോള്‍ മുന്‍വര്‍ഷങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്ത ണമെന്ന് എം.എല്‍.എ പറഞ്ഞു. മണ്ണിടിച്ചില്‍ സാധ്യതയുളള പ്രദേശങ്ങളിലും പുറമ്പോക്കിലും  പണി പൂര്‍ത്തിയാകാത്ത വീടുകളില്‍ താമസിക്കുന്നവരു ടെയും വിവരങ്ങള്‍ പഞ്ചായത്ത്തലത്തില്‍ ശേഖരിക്കണമെന്നും അദ്ദേഹം  പറഞ്ഞു.

 ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണം

 പ്രളയസാധ്യതക്കൊപ്പം മറ്റ് മഴക്കെടുതികളും  നേരിടാനുളള തയ്യാറെടുപ്പുകള്‍ ഇടന്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്  സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ് നിര്‍ദേശം നല്‍കി. അടിയന്തരഘട്ടങ്ങള്‍ക്ക് ആവശ്യമായ ബോട്ടുകള്‍,വണ്ടികള്‍, ക്രെയിനുകള്‍, മണ്ണുമാന്തികള്‍,  ദുരിതാശ്വാസത്തിന് ആവശ്യമായ മറ്റ് വസ്തുക്കള്‍ എന്നിവ പഞ്ചായത്ത്തലത്തില്‍ തന്നെ ഉറപ്പാക്കണം. എമര്‍ജന്‍സി റെസ്പോണ്‍്സ് ടീമുകളെയും സജ്ജമാക്കണം.

    പൊതുസ്ഥലങ്ങളിലും സ്വകാര്യഭൂമിയിലെ അപകടകരമായ മരങ്ങളും ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റാനുളള നടപടികള്‍ സ്വീകരിക്കണം. തോടുകളിലും നിര്‍ച്ചാലുകളിലുമുള്ള തടസ്സങ്ങള്‍ നീക്കം ചെയ്തു സുഗമമായ രീതിയില്‍ വെളളം ഒഴുകി പോകാനുളള നടപടികളും സ്വീകരിക്കണം. അപകടമേഖലകളില്‍ സൂചന ബോര്‍ഡ് സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാനും തീരുമാനമായി. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക, എ.എസ്.പി വിവേക് കുമാര്‍,  തുടങ്ങിയവരും പങ്കെടുത്തു.   

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →