5ജി സേവനത്തിന് ജിയോ പൂര്‍ണ സജ്ജം; പുതിയ പ്രഖ്യാപനങ്ങളുമായി റിലയന്‍സ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 5ജി സേവനം നല്‍കാന്‍ ജിയോ പൂര്‍ണ സജ്ജമാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഇതിനായി 100 ശതമാനം ഇന്ത്യയില്‍ വികസിപ്പിച്ച 5ജി സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. രാജ്യത്ത് 5ജി സ്‌പെക്ട്രം ലഭ്യമായാല്‍ ഉടന്‍ സേവനം ആരംഭിക്കും. ആഗോളതലത്തില്‍ മറ്റു കമ്പനികള്‍ക്ക് 5ജി സാങ്കേതികവിദ്യ ലഭ്യമാക്കാനും ജിയോ സന്നദ്ധമാണ്. റിലയന്‍സിന്റെ ‘മേഡ് ഇന്‍ ഇന്ത്യ’ 5ജി സാങ്കേതികവിദ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിര്‍ഭര്‍ ഭാരതിനായി സമര്‍പ്പിക്കുന്നുവെന്നും മുകേഷ് അംബാനി പറഞ്ഞു. കമ്പനിയുടെ 43ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ജിയോയും ഗൂഗിളും ചേര്‍ന്ന് ഇന്ത്യയില്‍ എന്‍ട്രി ലെവല്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തിന് കരാറായി. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഇതിനായി വികസിപ്പിക്കും. ജിയോ പ്ലാറ്റ്‌ഫോംസിന്റെ 7.73 ശതമാനം ഓഹരിയാണ് ഗൂഗിള്‍ സ്വന്തമാക്കുക. ഇതോടെ ഫേസ്ബുക്ക് അടക്കം 13 നിക്ഷേപകരില്‍ നിന്നായി മൂന്നുമാസത്തിനിടെ റിലയന്‍സ് സമാഹരിച്ചത് 1,52,056 കോടി രൂപയാണ്. 53,124 കോടി അവകാശ ഓഹരി വില്‍പനയിലൂടെ സമാഹരിച്ചു. ബ്രിട്ടിഷ് പെട്രോളിയവുമായുള്ള (ബിപി) ഇന്ധനവിതരണ രംഗത്തെ സംയുക്ത സംരംഭത്തിലൂടെ 7629 കോടിയും റിലയന്‍സില്‍ നിക്ഷേപമായെത്തി.

ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ് മാതൃകയില്‍ ഒടിടി പ്ലാറ്റ്‌ഫോമും റിലയന്‍സ് അവതരിപ്പിച്ചു. ജിയോ ടിവി പ്ലസ് എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക. വീഡിയോ കോളിങ്ങും ത്രിമാന ദൃശ്യാനുഭവവും അടക്കം സാധ്യമാക്കുന്ന ജിയോഗ്ലാസും ഉടന്‍ വിപണിയിലെത്തും. ചില്ലറ പലചരക്ക് വ്യാപാരം കൂടാതെ ജിയോമാര്‍ട്ട് വഴി ഇലക്ട്രോണിക്‌സ്, മരുന്ന്, വസ്ത്ര വിപണനവും വ്യാപകമാക്കും. വാണിജ്യാവശ്യങ്ങള്‍ക്കും ചെറുകിട ബിസിനസുകാര്‍ക്കുമായി ബ്രോഡ്ബാന്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്. ജിയോ മീറ്റ് പ്ലാറ്റ്‌ഫോമിലൂടെ നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ 3.2 ലക്ഷം ഓഹരി ഉടമകള്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →